Sunday, 4 March 2012

സദാചാരപോലീസുകാര്‍ ഭരിക്കുന്ന കേരളം


മുക്കത്ത് അനാശാസ്യ പ്രവര്‍ത്തനം ആരോപിച്ചു ഒരു സംഘം ക്രൂരമായി മര്‍ദിച്ചു കൊന്ന ഹമീദ്  ബാവ എന്നാ ചെറുപ്പകാരനെയും പോക്കറ്റടിച്ചു എന്നാരോപിച്ച് പെരുമ്പാവൂര്‍ ബസ്‌ സ്റ്റാന്‍ഡില്‍ സഹയാത്രികരുടെ മര്‍ദനമേറ്റ്  കൊല്ലപ്പെട്ട രഘു എന്ന ചെറുപ്പക്കാരനെയും സാക്ഷര കേരളം മറന്നു  കാണില്ല. തൊടുപുഴയില്‍ സഹോദരിയെ കൂട്ടിക്കൊണ്ടു പോകുവാന്‍ ഭാര്യക്കൊപ്പം എത്തിയ എസ്.ഐ. യെ സദാചാര പോലീസ് ചമഞ്ഞെത്തിയ ഒരു സംഘം അസഭ്യം പറഞ്ഞു ആക്രമിക്കാന്‍ ശ്രമിച്ചത്‌ അടുത്ത കാലത്താണ്. പോലീസിനു പോലും ഈ സദാചാര പോലീസുകാരെ നേരിടാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും?  ഒരുമാസം മുമ്പ് കോട്ടയത്ത്‌ കാറില്‍ യാത്ര ചെയ്യുകയായിരുന്ന അഭിഭാഷകനെയും ഭാര്യയേയും ബൈക്കില്‍ പിന്തുടര്‍ന്ന് എത്തിയ സംഘം ആക്രമിച്ചു. കാറിനുള്ളില്‍ അനാശാസ്യം നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.
ഇന്ന് കേരളത്തില്‍ സ്വന്തം ഭാര്യയോടൊപ്പം പോലും സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥ. അന്യന്റെ സ്വകാര്യ ജീവിതതിനുള്ളിലേക്ക് ശ്രദ്ധിക്കാനും അവിടെ എന്തൊക്കെ സംഭവിക്കുന്നു എന്നറിയാനുമുള്ള ആകാംക്ഷയാണ്‌ സദാചാര പോലീസിനുള്ളത്.

മലയാളിക്ക് ഇത്രയധികം പ്രതികരണശേഷി ഉണ്ടായിട്ടും എന്ത് കൊണ്ടാണ് സൌമ്യയുടെ കൊലപാതകം പോലെയുള്ള കാര്യങ്ങള്‍ നമ്മുടെ നാട്ടില്‍ സംഭവിക്കുന്നത്‌??  ആ ട്രെയിനിലുള്ള ആരെങ്കിലും അന്ന് പ്രതികരിച്ചിരുന്നെങ്കില്‍ ആ പാവം ഇന്നും ജീവനോടെ കാണുമായിരുന്നു.

സദാചാര പോലീസ് ചമയുന്നവര്‍ കപട സാദാചാരവാദികളാണ് . എനിക്കില്ലാത്തത് നിങ്ങള്‍ക്കും വേണ്ട എന്ന മനോഭാവമാണ് ഇന്നുള്ളത്. അത് കൊണ്ടാണ് ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും കുറെ നേരം സംസാരിച്ചിരുന്നാലും ഒരുമിച്ചു നടന്നാലും ഇത്തരം സദാചാര പോലീസുകാര്‍ ഇടപെടുന്നത്.
പക്ഷെ പൊതു നിരത്തില്‍ ഒരു സ്ത്രീയെ ഉപദ്രവിക്കുമ്പോള്‍ എല്ലാവരും കാഴ്ച്ചക്കാരാവുന്നു. ചിലര്‍ ഈ രംഗം മൊബൈലില്‍ പകര്‍ത്തും. അതല്ലാതെ അവരെ സഹായിക്കുവാനോ അവര്‍ക്കൊപ്പം നില്‍ക്കുവാണോ ആരും തയ്യാറാവുകയില്ല.

ഇന്ന് സ്വന്തം ഭാര്യയോടൊപ്പമോ അമ്മയോടോപ്പമോ സഹോദരിയോടോപ്പമോ സഞ്ചരിക്കുമ്പോള്‍ ഏതു സമയത്താണ് സദാചാര പോലീസുകാര്‍ ചാടി വീഴുന്നത് എന്ന ഭയത്തോടെയാണ് ഓരോരുത്തരും കേരളത്തില്‍ സഞ്ചരിക്കുന്നത്. രാത്രിയായാല്‍ പറയുകയും വേണ്ട.

ഭാര്യയോടൊപ്പം സഞ്ചരിക്കുന്നവര്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് , കല്യാണ ഫോട്ടോ തുടങ്ങിയവ മറക്കാതെ കൈവശം വയ്ക്കണം.( വച്ചിട്ടും കാര്യമൊന്നും ഇല്ല. സദാചാര പോലീസുകാരുടെ ഉദ്ദേശം വേറെ ആണല്ലോ.)
ഇന്ന് സദാചാര പോലീസുകാര്‍ ഗുണ്ടാസംഘം പോലെ ആണ്. നമ്മുടെ നാട്ടില്‍ ഇക്കൂട്ടരെ ഒരിക്കലും വളരാന്‍ അനുവദിക്കരുത്. അപകടത്തില്‍ പരുക്കേറ്റു വഴിയില്‍ കിടക്കുന്നവരെ തിരിഞ്ഞു നോക്കാതെ പോകുന്നവര്‍ക്ക് അന്യന്റെ ജീവിതത്തിലേക്ക് ഇടിച്ചു കയറുവാന്‍ എന്തവകാശം?

ഇതിനെതിരെ ജനങ്ങള്‍ സംഘടിക്കണം.അല്ലെങ്കില്‍ ഒരു കൂട്ടം സാമൂഹിക വിരുദ്ധര്‍ നിയമം കയ്യിലെടുത്തു തുടങ്ങും. അപമാനിതരാകുന്നവരുടെ എണ്ണം കൂടും.

=================================================================

കുറച്ചു സദാചാര പോലീസുകാരുടെ  ക്രൂര വിനോദങ്ങളുടെ വീഡിയോകള്‍



 




 കോഴിക്കോട് കൊയിലാണ്ടിയില്‍ യുവാവ് വനൊടുക്കിയത് സദാചാര പോലീസ് ചമഞ്ഞ നാട്ടുകാരുടെ മര്‍ദ്ദനത്തെ തുടര്‍നെന്ന് വ്യക്തമാകുന്നു. യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴി പുറത്തുവജീന്നതോടെയാണ് സദാചാര സേനനടത്തിയ ഭീകരത പുറം ലോകം അറിഞ്ഞത്.







പരപ്പനങ്ങാടിയിലും സദാചാരപോലീസിന്റെ വിളയാട്ടം. മദ്യഷാപ്പില്‍ ക്യൂനിന്നുവെന്നാരോപിച്ച് ഭാര്യയെയും ഭര്‍ത്താവിനെയും ക്രൂരമായി മര്‍ദ്ദിച്ചു.

Tuesday, 22 November 2011

സൂസി ആന്റിയും കള്ളനും പോലീസും പിന്നെ ഞാനും

നല്ല നിലാവുള്ള ഒരു രാത്രി....

പെട്ടെന്ന് എന്തോ ഒരു ശബ്ദം കേട്ട് സൂസി ആന്റി ഉറക്കത്തില്‍ നിന്നും ഞെട്ടി എഴുന്നേറ്റു.

അതാ സൂസി ആന്റിയുടെ കെട്ടിയോന്‍ കറിയാച്ചന്‍ ഒരു ജെട്ടി മാത്രമിട്ട്, ദേഹത്തു മുഴുവനും കരിയും പുരട്ടി നില്‍ക്കുന്നു. ആന്റി അമ്പരന്നു പോയി.

ജെട്ടി വല്ലപ്പോഴും മാത്രം ഉപയോഗിക്കുന്ന (രാത്രിയില്‍ ഒട്ടും ഉപയോഗിക്കാത്ത) അച്ചായനിതാ ഒരു അടിവസ്ത്രം മാത്രമിട്ട് നില്‍ക്കുന്നു.

"ഇതിയാനിതെന്നാ സൂക്കേടാ"
സൂസി ആന്റി ബള്‍ബിന്റെ സ്വിച്ച് അമര്‍ത്തി. 

മുറിയില്‍ വെളിച്ചം തെളിഞ്ഞു.

 ശരീരം മുഴുവനും കരിയും തേച്ചു നില്‍ക്കുന്ന  കറിയാച്ചായനെ ആ വെളിച്ചത്തില്‍ കണ്ട സൂസി ആന്റി  ഞെട്ടിപ്പോയി.

ഇത് തന്റെ അച്ചായനല്ല മോഷണത്തിന്  വേണ്ടി വീട്ടില്‍  അതിക്രമിച്ചു കയറിയ കള്ളനാണ് .

ആന്റി ഒട്ടും അമാന്തിച്ചില്ല എട്ടു ദിക്കും പൊട്ടുമാറു ഉറക്കെ നിലവിളിച്ചു

പക്ഷെ എന്ത്‌  ചെയ്യാം, പേടി കാരണം ശബ്ദം പുറത്തേക്കു വന്നില്ല.
തൊണ്ടയില്‍ നിന്നും പുറത്തേക്കു കുറച്ചു കാറ്റ്  മാത്രം...

എവിടെയാടി പൂ.മോ. അലമാരയുടെ താക്കോല്‍?കള്ളന്‍ അലറി...

പേടിച്ചുപോയ സൂസി ആന്റി തലയിണയുടെ അടിയില്‍ നിന്നും താക്കോല്‍ എടുത്തു കള്ളന്റെ കയ്യില്‍ കൊടുത്തു.

കള്ളന്‍ തന്റെ ഡ്യൂട്ടി നന്നായി പൂര്‍ത്തിയാക്കി.

ഒരു ഇരുമ്പുപെട്ടി തലയിലും രണ്ടു എയര്‍ ബാഗ്  കയ്യിലും പിടിച്ചു കൊണ്ട് കള്ളന്‍ സൂസി ആന്റിയുടെ വീടിനു പുറത്തേക്കു ഗള്‍ഫുകാരന്‍ എയര്‍ പോര്‍ട്ടില്‍ നിന്നും പുറത്തേക്കു വരുന്നത് പോലെ ഇറങ്ങി..

 ഈ സമയമത്രയും അവിടെ നടന്ന കലാപരിപാടികള്‍ ഒന്നും അറിയാതെ കൂര്‍ക്കം വലിച്ചു കിടന്നുറങ്ങിയിരുന്ന കറിയാച്ചനെ സൂസി ആന്റി ഇടിച്ചെഴുന്നെല്‍പ്പിച്ചു.

"എന്താടി കഴുവേര്‍ടെ മോളെ?" കറിയാച്ചന്‍ ഉറക്കപ്പിച്ചോടെ എഴുന്നേറ്റു..


"ദാ നമ്മുടെ പെട്ടിയെല്ലാം എടുത്തോണ്ട് കള്ളന്‍ പോകുന്നു"..
ഒരു വിധത്തില്‍ ആന്റി മുഴുവിപ്പിച്ചു.

കേട്ട പാതി കേള്‍ക്കാത്ത പാതി കറിയാച്ചായന്‍ മുണ്ട് തപ്പിയെടുത്തു ഉടുത്തോണ്ട് കള്ളന്റെ പുറകെ ഓടി...

പുറകെ സൂസി ആന്റിയും.

കറിയാച്ചായന്‍ ആരാ മോന്‍ പുള്ളി ഓടി കള്ളന്റെ അടുത്തെത്തി
ഇപ്പോള്‍ പിടി വീഴും എന്നാ മട്ടായി..

സൂസി ആന്റി ആവേശം കൊണ്ടു...

"നില്‍ക്കെടാ പട്ടീ അവിടെ" സൂസി ആന്റി അലറി..

100 കിലോമീറ്റര്‍ സ്പീഡില്‍ കുതിച്ചിരുന്ന കാലുകള്‍ പെട്ടെന്ന് നിശ്ചലമായി.
ആ കാലുകള്‍ നേരെ തിരിഞ്ഞു സൂസി ആന്റിയുടെ മുന്നില്‍ വന്നു നിന്നു
 
"എന്നെ വിളിച്ചായിരുന്നോ?" കറിയാച്ചായന്‍ ചോദിച്ചു.

ഫാ..!! @##$൫൫ %&*...

സൂസി ആന്റിയുടെ ആട്ടില്‍ കറിയാച്ചായന്റെ ചെവികള്‍ വിറ കൊണ്ടു...
കള്ളന്‍ അപ്പോഴേക്കും ഓടി മറഞ്ഞിരുന്നു...

***          ***          ***          ***          ***          ***          ***

സൂസി ആന്റിയുടെ വീട്ടില്‍ കള്ളന്‍ കയറി എന്ന വാര്‍ത്ത കേട്ടാണ് ഞാന്‍ രാവിലെ കണ്ണ് തുറക്കുന്നത്.
ബ്രെഷില്‍ കുറച്ചു പേസ്റ്റും തേച്ചു ഞാന്‍ എളുപ്പം സൂസിയാന്റിയുടെ വീട് ലക്ഷ്യമാക്കി കുതിച്ചു...

അപ്പോഴേക്കും ആളുകള്‍ ഒക്കെ വിവരമറിഞ്ഞ്  അവിടെ കൂടിയിരുന്നു...

ഭിത്തിയില്‍ കള്ളന്റെ കാല്‍പ്പാടുകള്‍ ..

കള്ളന്‍ വീടിന്റെ ജനലഴി വളച്ചാണ് അകത്തു കയറിയത് 

ഊതിയാല്‍ തെറിക്കുന്ന ജനല്‍ കമ്പികള്‍ 
ജനല്‍പാളിയും ഇല്ല 

അത് കാണുന്നവന്‍ കള്ളനല്ലെങ്കില്‍ പോലും ഒന്ന് വളച്ചു നോക്കും അത്രയും ബലക്ഷയമായ കമ്പികള്‍ ...

സൂസിയാന്റി വീടിന്റെ പടിയില്‍ വിഷമിച്ചിരിക്കുകയാണ്....

കളവു പോയ സാധനങ്ങള്‍ വലിയ വിലപിടിപ്പുള്ളതല്ല..

ഞാനും എന്റെ കൂട്ടുകാരും കൂടി കള്ളന്‍ പോയ വഴിയില്‍ എന്തെങ്കിലും തുന്മ്ബുണ്ടോ എന്ന അന്വേഷണവുമായി ഇറങ്ങി.

അങ്ങനെ അന്വേഷിച്ചു നടക്കുന്നതിനിടയില്‍ ഒരു പറമ്പില്‍ ഒരു പെട്ടി കിടക്കുന്നു.
സൂസിയാന്റിയുടെ പെട്ടി...

കള്ളന്‍ തലയില്‍ വച്ച് കൊണ്ട് ഓടിയ അതെ ഇരുമ്പ് പെട്ടി...

അതിനുള്ളില്‍ കുറെ അടിവസ്ത്രങ്ങളും കീറിയ തുണികളും മാത്രമേ ഉണ്ടായിരുന്നുള്ളൂ..

പെട്ടി കണ്ട കാര്യം നാട്ടില്‍ പാട്ടായി, ആള്‍ക്കാര്‍ പെട്ടി കാണാന്‍ ഓടിക്കൂടി.

അപ്പോള്‍ ഒരാള്‍ പറഞ്ഞു "ആരും പെട്ടിയില്‍ തൊടണ്ട..
പോലീസില്‍ വിവരമറിയിച്ചിട്ടുണ്ട്  അവര്‍ ഇപ്പോള്‍ കറിയാച്ചന്റെ വീട്ടിലേക്കു വരും.."

ഞങ്ങള്‍ അവിടെ നിന്നും ഓടി കറിയാച്ചായന്റെ വീട്ടില്‍ എത്തി അപ്പോഴേക്കും പോലീസുകാര്‍ അവിടെയെത്തിയിരുന്നു.
വഴിയില്‍ പോലീസു ജീപ്പ് കിടപ്പുണ്ട്, ഒരു കോണ്‍സ്റ്റബിളും ജീപ്പിനരികില്‍  നില്‍പ്പുണ്ട്.
S.I.,  കള്ളന്‍ കയറിയ ജനലഴിയും മറ്റും വിശദമായി പരിശോധിക്കുന്നു.

ഞാന്‍ പോലിസ് ജീപ്പിനടുത്തു ചെന്നു.  എന്റെ ജീവിതത്തില്‍ ആദ്യമായി  അന്നാണ്   പോലീസ്  ജീപ്പ്  അത്ര അടുത്ത് കാണുന്നത് . ജീപ്പിനുള്ളില്‍ വയര്‍ലെസ്സ് സെറ്റില്‍ നിന്നും വരുന്ന സന്ദേശങ്ങള്‍ വളരെ കൌതകത്തോടെ കേട്ട് നിന്നു. അപ്പോഴേക്കും എസ്. ഐ. യും മറ്റു കോണ്‍സ്റ്റബിളുമാരും ജീപ്പിനരികിലേക്ക്  വന്നു.
എസ്. ഐ. അവിടെ കൂടി നിന്നവരോട് ചോദിച്ചു "പറമ്പില്‍ കിടക്കുന്ന പെട്ടി കണ്ട ആരെങ്കിലും ഉണ്ടോ".
പേടി കൊണ്ടാണോ എന്നറിയില്ല ആരും ഒന്നും മിണ്ടിയില്ല..
എസ്. ഐ . ചോദ്യം ഒന്നും കൂടി ആവര്‍ത്തിച്ചു.
അപ്പോള്‍ ജനക്കൂട്ടത്തിനിടയില്‍ നിന്നും ഒരാള്‍ വിളിച്ചു പറഞ്ഞു 
"ഞാന്‍ കണ്ടായിരുന്നു പെട്ടി."

അത് വേറാരുമായിരുന്നില്ല ഈ ഞാന്‍ തന്നെ.
എസ്. ഐ. എന്നോട് പറഞ്ഞു "ശരി വണ്ടിയില്‍ കയറ്, പെട്ടി കിടക്കുന്ന സ്ഥലം പറഞ്ഞു താ"...
കേട്ട പാതി കേള്‍ക്കാത്ത പാതി ഞാന്‍ ചാടി പോലീസ് ജീപിനുള്ളിലേക്ക് കയറി.

സാധാരണ പോലീസ് ജീപ്പിനുള്ളില്‍ കയറുന്നവര്‍ വളരെ ദുഖത്തോടെ ആയിരിക്കും കയറുന്നത്  പക്ഷെ ഞാന്‍ വളരെ സന്തോഷത്തോടെയാണ് ജീപ്പിനുള്ളിലേക്ക് കയറിയത്.
ജീപ്പിനു പുറത്തു എന്റെ കൂട്ടുകാര്‍ അസൂയയോടെ എന്നെ നോക്കുന്നത് ഞാന്‍ കണ്ടു.
ജീപ്പ് സ്റ്റാര്‍ട്ടായി മുമ്പോട്ടു നീങ്ങി ..
ജീപ്പിനു പുറകെ നാട്ടുകാരും. റോഡിനു സൈഡിലുള്ള വീടുകളില്‍  നിന്നൊക്കെ ആള്‍ക്കാര്‍ കാഴ്ച കാണുന്നതിനു വേണ്ടി നില്‍ക്കുന്നു.
അങ്ങനെ ജീപ്പ് എന്റെ വീടിനടുത്തെത്തി എന്റെ അമ്മ വീടിനു മുന്നില്‍ നില്‍പ്പുണ്ട്.
ജീപ്പ് കടന്നു പോയപ്പോള്‍ അതിനുള്ളില്‍ നിന്നും ഒരു പയ്യന്‍ കൈ വീശി കാണിക്കുന്നു. അമ്മ ഒന്ന് കൂടി ശ്രെദ്ധിച്ചു നോക്കി
അമ്മയുടെ നെഞ്ചില്‍ ഒരു ഇടിവാള്‍ മിന്നി.. തല കറങ്ങുന്നത് പോലെ.. ദൈവമേ അത് എന്റെ മോനല്ലേ.. അവനെ പോലീസ് പിടിച്ചോ?.. അമ്മ പോലീസ് ജീപ്പിനു പുറകെ ഓടി  വന്നു..
അപ്പോള്‍ അമ്മയുടെ അടുത്തുണ്ടായിരുന്ന ഒരു ചേച്ചി പറഞ്ഞു പേടിക്കണ്ട അവന്‍ പോലീസുകാര്‍ക്ക് വഴി കാണിക്കാന്‍ പോകുന്നതാണെന്ന്.
എങ്കിലും അമ്മയുടെ ശ്വാസം നേരെ ആയില്ല
അങ്ങനെ പോലീസ് ജീപ്പ് ഇരുമ്പ് പെട്ടി കിടക്കുന്ന സ്ഥലത്തിന്  മുന്നിലെത്തി .
ജെപ്പില്‍ നിന്ന് ഞാനും പോലീസുകാരും ഇറങ്ങി പോലീസുകാരെ ഇരുമ്പ് പെട്ടി കാണിച്ചു കൊടുത്തു.
അപ്പോഴേക്കും നാട്ടുകാരും അവിടെയെത്തി...
അവരുടെ ഇടയില്‍ ഒരാള്‍. എന്റെ അമ്മ..
എന്നും ഉണ്ടാകാറുള്ളത് പോലെ ഒരു ഭൂമികുലുക്കവും, എനിക്കിട്ടു നല്ല അടിയും കിട്ടുമെന്ന് ഞാന്‍ മനസ്സില്‍ കണക്കു കൂട്ടി.
വെറുതെ നാട്ടുകാരുടെയും കൂട്ടുകാരുടെയും ഇടയില്‍ ഞാന്‍ നാണം കെടണ്ടല്ലോ എന്ന് വിചാരിച്ചു, ആള്‍ക്കൂട്ടത്തിനിടയിലൂടെ ഞാന്‍ അമ്മയുടെ കയ്യില്‍ നിന്നും വിദഗ്ദ്ധമായി മുങ്ങി...

Monday, 26 September 2011

ദൈവം പടിയിറങ്ങിപ്പോകുന്ന സഭകള്‍

ഒരി­ട­വേ­ള­യ്ക്ക് ശേ­ഷം ഓര്‍­ത്ത­ഡോ­ക്‌­സ്-യാ­ക്കോ­ബായ വി­ഭാ­ഗ­ങ്ങള്‍ തമ്മില്‍ പള്ളി­യെ­ച്ചൊ­ല്ലി വീ­ണ്ടും സം­ഘര്‍­ഷം ഉണ്ടായിരിക്കുകയാണ്. മലങ്കര സഭയില്‍  വളരെക്കാലമായി കേസും വഴക്കുകളും നടക്കുന്നു. ഒന്നുമറിയാത്ത പാവം ജനങ്ങളെപ്പോലും ബുദ്ധിമുട്ടിച്ചുകൊണ്ട് ഇരുപക്ഷത്തെയും വൈദികര്‍ ഉള്‍പ്പെടെയുള്ളവര്‍ പള്ളി മുറ്റത്ത്‌ നിന്നും പബ്ലിക് റോഡുകളില്‍ വരെ സമരവുമായി ഇറങ്ങിയിരിക്കുന്നു.

 

ഓര്‍­ത്ത­ഡോ­ക്‌­സ്-യാ­ക്കോ­ബായ സഭകളും അവര്‍ തമ്മിലുള്ള പ്രശ്നങ്ങളെയും കുറിച്ച് ചെറിയ ഒരു വിവരണം.

മലങ്കര ഓര്‍ത്തഡോക്‍സ്‌ സിറിയന്‍ സഭ 

 ഓർത്തഡോക്സ്‌ പൌരസ്ത്യ സഭ എന്നത്‌ ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ ഒരു സ്വയശീർഷക സഭാവിഭാഗവും ഓറിയന്റൽ ഓർത്തഡോക്സ് സഭയിലെ ഒരു അംഗസഭയുമാണ്. 

 റോമാ സാമ്രാജ്യത്തിന് പുറത്തു് ഉറഹായിലും പേർഷ്യയിലും മലങ്കരയിലുമായിവികസിച്ച ക്രൈസ്തവസഭയാണിത്. 

ക്രിസ്തു ശിഷ്യനും പന്തിരുവരിൽ ഒരുവനുമായ തോമാശ്ലീഹായെ തങ്ങളുടെ ഒന്നാമത്തെ മേലദ്ധ്യക്ഷനായി സ്വീകരിയ്ക്കുന്ന വിഭാഗമാണ് ഓർത്തഡോക്സ്‌ പൌരസ്ത്യ സഭ. 

ക്രിസ്തുവര്‍ഷം അന്‍പത്തിരണ്ടാമാണ്ട് തോമാശ്ലീഹ കൊടുങ്ങല്ലൂര്‍ തുറമുഖത്തു കപ്പല്‍മാര്‍ഗ്ഗം വന്നിറങ്ങി.കേരളത്തില്‍ സുവിശേഷം പ്രസംഗിച്ചു. അനേകം ആള്‍ക്കാര്‍ ജ്ഞാനസ്നാനം ഏറ്റു സത്യക്രിസ്ത്യാനികളായി.മലയാങ്കര, പാലൂര്‍, പരവൂര്‍(കോട്ടക്കായല്‍ ) ഘോക്കമംഗലം,നിരണം, ചായല്‍ , കുരക്കേണിക്കൊല്ലം(കൊല്ലം) എന്നീ സ്ഥലങ്ങളില്‍ പള്ളികള്‍ സ്ഥാപിക്കുകയും

പകലോമറ്റം, ശങ്കരപുരി, കള്ളി, കാളിയാങ്കല്‍ എന്നീ നാല് ബ്രാഹ്മണ കുടുംബങ്ങള്‍ ക്രിസ്തുവില്‍ വിശ്വസിച്ചു ജ്ഞാനസ്നാനം ഏറ്റു ഈ കുടുംബങ്ങളില്‍  പട്ടം(വൈദികസ്ഥാനം) കൊടുത്തു .

ഏക വലിയ മെത്രാപ്പോലീത്തൻ ഭദ്രാസന ഇടവകയായ മലങ്കര സഭയുടെ മുപ്പത് മെത്രാപ്പോലീത്തൻ ഭദ്രാസന ഇടവകകളിലായി ഇരുപത്തിയഞ്ചു് ലക്ഷം അംഗങ്ങൾ.

 

സഭാ സ്ഥാപകൻ തോമാ ശ്ലീഹാ
പരമ മേലദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ്‌ മാർത്തോമാ പൗലോസ് ദ്വിതീയൻ.
പരമാചാര്യന്റെ സ്ഥാനിക നാമം പൌരസ്ത്യ കാതോലിക്കോസ്
സഭാകുടംബം പ്രാചീന ഓർത്തഡോക്സ് സഭ
ആസ്ഥാനം ദേവലോകം (കോട്ടയത്തിന് സമീപം)
വലിയ മെത്രാപ്പോലീത്തൻ ഭദ്രാസന ഇടവകകൾ മലങ്കര സഭ 
വലിയ മെത്രാപ്പോലീത്തയുടെ സ്ഥാനിക നാമം മലങ്കര മെത്രാപ്പോലീത്ത
മെത്രാപ്പോലീത്തൻ ഭദ്രാസന ഇടവകകൾ 30 എണ്ണം
ആരാധനാ ഭാഷ പാശ്ചാത്യ സുറിയാനി, മലയാളം,ഇംഗ്ലീഷ്
അംഗസംഖ്യ ഇരുപത്തിയഞ്ചു ലക്ഷം

 

യാക്കോബായ  സിറിയന്‍  ഓര്‍ത്തഡോക്‍സ്‌  സഭ  

സുറിയാനി ഓർത്തഡോക്സ്‌ സഭ അല്ലെങ്കിൽ യാക്കോബായ സഭ എന്നത്‌ ഓറിയന്റൽ ഓർത്തഡോക്സ് സഭയിലെ ഒരു സ്വയശീർഷക സഭയാണ്‌. 

 അന്ത്യോഖ്യാ സുറിയാനി ഓർത്തഡോക്സ്‌ സഭ, ക്രി.വ. മുപ്പത്തിനാലിൽ ശ്ലീഹന്മാരുടെ തലവനായ പത്രോസ്‌ സ്ഥാപിച്ചു.കേരളത്തിലുൾപ്പടെ ലോകമെമ്പാടും അനുയായികളുള്ള ഈ സഭയുടെ ആസ്ഥാനം ഇപ്പോൾ സിറിയയിലെ ദമസ്ക്കോസിലാണ്‌.

ക്രിസ്തു സംസാരിച്ച ഭാഷയായ അരമായഭാഷയുടെ പ്രാദേശിക ഭാഷാരൂപമായ പാശ്ചാത്യ സുറിയാനിയാണ്‌ ഈ സഭയുടെ ഔദ്യോഗിക ഭാഷ. 

സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ കുർബാന ഈ ഭാഷയിൽത്തന്നെയാണ്‌ നിർവഹിക്കപ്പെടുന്നത്‌. എന്നാൽ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ (കേരളം) ആരാധനാഭാഷ സുറിയാനി കലർന്ന മലയാളമാണ്‌

ഈ സഭാംഗങ്ങളെ പലപ്പോഴും യാക്കോബായക്കാർ എന്നു വിളിക്കാറുണ്ട്‌. എന്നാൽ ഈ പേര്‌ തെറ്റിദ്ധാരണ ഉളവാക്കുന്നു എന്ന് മാത്രമല്ല ഈ പേര്‌ പല സഭാംഗങ്ങളും അംഗീകരിക്കുന്നുമില്ല.

 

സ്ഥാപകൻ പത്രോസ് ശ്ലീഹാ
ഔദ്യോഗിക ഭാഷ പാശ്ചാത്യ സുറിയാനി
വിഭാഗം ഓറിയന്റൽ ഓർത്തഡോക്സ് സഭ
ആസ്ഥാനം ദമാസ്കസ്
തലവന്റെ സ്ഥാനപ്പേര് അന്ത്യോഖ്യായുടേയും കിഴക്കൊക്കെയുടേയും പാത്രിയർക്കീസ്
അദ്യത്തെ പാത്രിയാർക്കീസ് പത്രോസ് ശ്ലീഹാ
പ്രാദേശിക കാതോലിക്ക ശ്രേഷ്ഠ കാതോലിക്ക മോർ ബസേലിയസ് തോമസ് പ്രഥമൻ ബാവ
അംഗസംഖ്യ  പന്ത്രണ്ടു ലക്ഷം

 

 പ്രതിസന്ധി

അന്ത്യോഖ്യാ സിംഹാസനത്തില്‍ വാണിരുന്ന പത്രോസ് പാത്രിയാര്‍ക്കീസ് ബാവ 1876  ല്‍ കേരളത്തിലെത്തി .ആദ്യമായിട്ടായിരുന്നു  ഒരു പാത്രിയാര്‍ക്കീസ് ബാവ കേരളം സന്ദര്‍ശിക്കുന്നത് .അദ്ദേഹം മുളന്തുരുത്തിയില്‍ ഒരു യോഗം വിളിച്ചു കൂട്ടുകയും മലങ്കരസഭ ക്രമീകരണത്തിന് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനും മാനേജിംഗ് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. അന്ന് വരെ മലങ്കര സഭ ഭരിച്ചിരുന്നത് ഒരു മെത്രോപ്പൊലീത്ത ആയിരുന്നു. അദ്ദേഹം മലങ്കര മെത്രാപ്പോലീത്ത എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.

പത്രോസ് പാത്രിയാര്‍ക്കീസ് ബാവ മലങ്കരസഭയെ ഏഴു ഭദ്രാസനങ്ങളായി തിരിക്കുകയും അവയ്ക്ക്  പ്രത്യേകം മെത്രോപ്പൊലീത്തമാരെ വാഴിക്കുകയും, മലങ്കര മെത്രോപ്പൊലീത്തയുടെ കീഴില്‍ ഭരണം നടത്തുന്നതിന്  അവരെ അധികാരപ്പെടുത്തുകയും ചെയ്തു. അതിനു ശേഷം പത്രോസ് പാത്രിയാര്‍ക്കീസ് ബാവ സ്വദേശത്തേക്ക്  മടങ്ങുകയും 1895 ല്‍ കാലം ചെയ്യുകയും ചെയ്തു.

അതേത്തുടര്‍ന്ന് പാത്രിയാര്‍ക്കാ സ്ഥാനത്തേക്ക് രണ്ടു പേര്‍ മത്സരിച്ചു ; അബ്ദുല്‍ മിശിഹായും അബ്ദുള്ളയും 

ഒരു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അബ്ദുള്‍ മിശിഹ ജയിക്കുകയും അദേഹത്തെ പാത്രിയാര്‍ക്കീസ് ആയി തിരഞ്ഞെടുക്കുകയും ചെയ്തു.

എന്നാല്‍ പത്തു വര്‍ഷങ്ങള്‍ക്കു ശേഷം പരാജിതനായ അബ്ദുള്ള, ഒരു പാത്രിയാര്‍ക്കീസ് സിംഹാസനത്തില്‍ വാഴുമ്പോള്‍ ആ സിംഹാസനതിലേക്ക് മറ്റൊരാള്‍ വാഴിക്കപ്പെടാന്‍ പാടില്ല എന്ന നിയമവും കീഴ്‌വഴക്കവും ലംഘിച്ചു, തുര്‍ക്കി സുല്‍ത്താനെ സ്വാധീനിച്ചു. അബ്ദുല്‍ മിശിഹായുടെ സ്ഥാനം പിന്‍വലിക്കുകയും അത് അബ്ദുള്ളക്ക് ലഭ്യമാക്കുകയും ചെയ്തു.

അബ്ദുള്ള പാത്രിയര്‍ക്കീസ് ബാവ 1909  ല്‍  മലങ്കരയില്‍ (കേരളത്തില്‍ ) വന്നു അന്നുള്ള മലങ്കരമെത്രപ്പോലീത്ത വട്ടശേരില്‍മാര്‍ ദീവന്ന്യാസിയോസ് ആയിരുന്നു.പാത്രിയാര്‍ക്കീസും മെത്രപ്പോലീത്തയും അഭിപ്രായവ്യത്യാസമുണ്ടായി. അബ്ദുള്ള ബാവ മലങ്കര സഭയില്‍ ലൌകികമായ അധികാരാവകാശങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും സഭ സ്വത്തുക്കള്‍ അദ്ദേഹത്തിന് എഴുതിക്കൊടുക്കണമെന്ന്  ആവശ്യപ്പെടുന്നുവെന്നുമായിരുന്നു വട്ടശ്ശേരില്‍ മെത്രപ്പോലീത്തയും അനുയായികളും പാത്രിയാര്‍ക്കീസിന്  എതിരായി ഉന്നയിച്ച ആരോപണം.

പാത്രിയര്‍ക്കീസ്, വട്ടശേരില്‍ മാര്‍ ദീവന്ന്യാസിയോസിനെ  മുടക്കി. അതിനു ശേഷം ആലുവയില്‍ തന്നെ അനുകൂലിക്കുന്നവരുടെ  ഒരു യോഗം ചേരുകയും  മാര്‍ കൂറിലോസ്സിനെ ബദല്‍ മലങ്കര മെത്രപ്പോലീത്തയായി തെരഞ്ഞെടുത്തു നിയമിച്ചു. രണ്ടു വര്‍ഷം കഴിഞ്ഞു 1911 ല്‍ അദ്ദേഹം സ്വദേശത്തേക്ക്  മടങ്ങിപ്പോയി.

അബ്ദുള്‍ മിശിഹ ആകട്ടെ അബ്ദുള്ളയുടെ മുടക്ക് അസാധുവാണെന്നും താന്‍ തന്നെയാണ് പാത്രിയര്‍ക്കീസ് എന്നും കാണിച്ചു വട്ടശേരില്‍മാര്‍ ദീവന്ന്യാസിയോസിനു സന്ദേശം അയയ്ക്കുകയും പ്രസ്തുത മുടക്കിന് യാതൊരു വിലയും കല്പ്പിക്കെണ്ടാതില്ലെന്നും കാണിച്ചു കല്‍പ്പന ഇറക്കുകയും ചെയ്തു. 

അങ്ങനെ ഒരേ സമയം രണ്ടു പാത്രിയര്‍ക്കീസുമാരും , അവരുടെതായ രണ്ടു മലങ്കര മെത്രപ്പോലീത്തമാരും. ഇരുവരും മലങ്കരസഭയുടെ ഭരണാവകാശം ഉന്നയിച്ചു കൊണ്ട് രംഗത്തെത്തി.

1912 ല്‍ അബ്ദുള്‍ മിശിഹ പാത്രിയാര്‍ക്കീസ്  കേരളത്തിലെത്തി. മാര്‍ ഈവാനിയോസിനെ കാതോലിക്കയായി വാഴിച്ചു.

ഇതിനെ തുടര്‍ന്ന്

അബ്ദുള്‍ മിശിഹ കല്പ്പനയിറക്കി. അതില്‍ പ്രധാനമായും 5  കാര്യങ്ങളാണ് പറയുന്നത്.

1) മലങ്കര സഭയില്‍ സ്വാതന്ത്ര്യവും സമാധാനവും നിലനില്‍ക്കുന്നതിന് കാതോലികേറ്റ് പുനസ്ഥാപിക്കേണ്ടത് എത്രയും ആവശ്യമാണെന്ന്  ബോധ്യപ്പെട്ടിരിക്കുന്നു.

2)മാര്‍ തോമാശ്ലീഹായുടെ സിംഹാസനതിലേക്ക് അദ്ദേഹത്തിന്റെ പിന്‍ഘാമിയായിട്ടാണ്  കാതോലിക്ക വാഴിക്കപ്പെട്ടിരിക്കുന്നത്.

3) മെത്രപ്പോലീത്തമാരെ  വാഴിക്കാനും മറ്റുമുള്ള അവകാശം കാതോലിക്കായ്ക്ക് ഉണ്ടായിരിക്കും. മേലില്‍ ആയതിനു പാത്രിയാര്‍ക്കീസിനെ ആശ്രയിക്കേണ്ടതില്ല.

4) ഒരു കാതോലിക്ക ധിവംഗതനാകുമ്പോള്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി  മറ്റൊരാളെ വാഴിക്കുവാന്‍ മലങ്കര സഭ സുന്നഹദോസിനു അധികാരമുണ്ടായിരിക്കും.അതില്‍ നിന്നും അവരെ വിരോധിപ്പാന്‍ ആര്‍ക്കും അധികാരമില്ല.

5) അന്തോഖ്യാ സിംഹാസനവുമായുള്ള സ്നേഹബന്ധം മേലിലും അഭംഗുരമായി നിലനിര്‍ത്തണം 

 അബ്ദുല്‍ മിശിഹായും അബ്ദുള്ളയും 1915 ല്‍ കാലം ചെയ്തു.

വട്ടശേരില്‍മാര്‍ ദീവന്ന്യാസിയോസും കൂട്ടരും അബ്ദുള്‍ മിശിഹ കൊടുത്ത കാതോലിക്കേറ്റിനെ അംഗീകരിച്ചു അതിനു കീഴില്‍ നിന്നു.അവര്‍ കാതോലിക്കാ കക്ഷി എന്നറിയപ്പെടാന്‍ തുടങ്ങി.

അബ്ദുള്‍ മിശിഹായെ പാത്രിയാര്‍ക്കീസായി അംഗീകരിക്കാതെ, അബ്ദുള്ളയെ അംഗീകരിച്ചും പിന്താങ്ങിയും നിന്ന മാര്‍ കൂറിലോസും കൂട്ടരും പാത്രിയര്‍ക്കീസ് കക്ഷി എന്നും അറിയപ്പെടാന്‍ തുടങ്ങി...

അതിനു ശേഷം മലങ്കരസഭയുടെ ഭരണാധികാരത്തിനും മറ്റുമായി


പാത്രിയര്‍ക്കീസ് പക്ഷവും കാതോലിക്കാ പക്ഷവും  കേസുകളും വഴക്കുകളുമായി മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു.

അവസാനം 43 വര്‍ഷത്തെ നിയമയുദ്ധത്തിന് ശേഷം 1958  സെപ്തംബര്‍ 12 നു ഇന്ത്യയുടെ പരമോന്നത നീതിന്യായ കോടതിയില്‍ നിന്നും കാതോലിക്കാ കക്ഷിക്ക് അനുകൂലമായി അന്തിമവിധി പ്രഖ്യാപിക്കപ്പെട്ടു. 



 അതിനു ശേഷം ഓര്‍­ത്ത­ഡോ­ക്‌­സ്-യാ­ക്കോ­ബായ വിഭാഗങ്ങള്‍ തമ്മില്‍ യോജിച്ചെങ്കിലും  1974 ല്‍ വീണ്ടും പിരിഞ്ഞു.

അബ്ദുല്‍ മിശിഹായുടെയും  അബ്ദുല്ലായുടെയും മരണത്തോടെ അന്ത്യോഖ്യന്‍ സഭകളില്‍ ഉണ്ടായിരുന്ന ഭിന്നത അവസാനിച്ചെങ്കിലും.മലങ്കര സഭയില്‍ അതെ തുടര്‍ന്നുള്ള തര്‍ക്കം ഇപ്പോഴും വളരെ ശക്തമായി തുടര്‍ന്ന് കൊണ്ടിരിക്കുന്നു...

+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++

 ഇവര്‍ ക്രിസ്തുവിന്റെ അനുയായികളോ സാത്താന്റെ  അനുയായികളോ?

 ഒരു കരണത്തിന് അടിച്ചവനു മറു കരണവും കാണിച്ചു കൊടുക്കാന്‍ പറഞ്ഞ ക്രിസ്തുവിന്റെ അനുയായികള്‍ മറുപക്ഷക്കാരന്റെ കരണത്തിന് അടിക്കാന്‍ ചെല്ലുന്ന അവസ്ഥ വരെ എത്തിയിരിക്കുന്നു കാര്യങ്ങള്‍ . 

തെറ്റും ശരിയും പറഞ്ഞു വിശ്വാസികളെ ബോധവാന്മാര്‍ ആക്കേണ്ട അച്ചന്മാര്‍ ളോഹയും  കയറ്റിയുടുത്തു. അടിയെടാ അവനെ എന്നും പറഞ്ഞു മുമ്പില്‍ നില്‍ക്കുന്നു.

ഇത് കണ്ടു വളരുന്ന കുട്ടികളുടെ മനോഭാവം എന്തായിരിക്കും? 

"മോനെ ആരെയും ഉപദ്രവിക്കരുത്. മറ്റുള്ളവര്‍ നമ്മുടെ സഹോദരന്മാര്‍ ആണ് "എന്ന് എങ്ങനെ ആത്മാര്‍ഥതയോടെ പറയാന്‍ സാധിക്കും?

ഇങ്ങനെ പോയാല്‍ ഉപദേശിക്കാന്‍ വരുന്ന വൈദികരോട് "പോടാ പുല്ലേ" എന്ന് കുട്ടികള്‍ പറയുന്ന കാലം വളരെ അകലയല്ല.

വിശ്വാസികള്‍ റോഡിലിറങ്ങി എന്തൊക്കെ കാണിച്ചാലും അവരെ കുറ്റം പറയാന്‍ സാധിക്കില്ല.. കാരണം അവര്‍ സാധാരണ മനുഷ്യരും, വിശ്വസിക്കുന്ന സഭയ്ക്ക് വേണ്ടി ജീവന്‍ കളയാന്‍ പോലും തയ്യാറായി നില്‍ക്കുന്നവരുമാണ് . അവരെ പറഞ്ഞു നേര്‍വഴിക്കു കൊണ്ടുവരേണ്ട ചുമതല തീര്‍ച്ചയായും സഭാ നേത്രുത്വത്തിനാണ്. അവര്‍ അതിനു ശ്രമിക്കാതെ സ്വത്തിനു വേണ്ടി അടിപിടി കൂടുന്ന കാഴ്ച വളരെ പരിതാപകരമാണ്.

സഭകളില്‍ സമാധാനം വരണമെന്നാഗ്രഹിക്കുന്ന അനേകം വിശ്വാസികളും വൈദികരുമുണ്ട് . ഒരേ കുടുംബത്തില്‍ തന്നെ ഇരു സഭകളിലും ഉള്ള ധാരാളം ആള്‍ക്കാര്‍ ഉണ്ട്. സഭയിലെ പ്രശ്നങ്ങള്‍ കുടുംബങ്ങളിലേക്ക്‌ വരെ എത്തിക്കഴിഞ്ഞു. 

മതമേലധ്യക്ഷന്മാര്‍ കോടതിയെ പോലും വെല്ലുവിളിക്കുന്ന കാഴ്ച വളരെ ദയനീയമാണ്. 

  അധികാരത്തിനും സ്വത്തിനും വേണ്ടി സഭാ നേതാക്കള്‍ കാണിക്കുന്ന കോപ്രായങ്ങള്‍ കാണുമ്പോള്‍ ഒരു ക്രിസ്ത്യാനി എന്ന നിലയില്‍ എനിക്ക് ലജ്ജ തോന്നുന്നു. 

നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക എന്ന് പറഞ്ഞ യേശുക്രിസ്തുവിന്റെ വാക്കിനു ഇവര്‍ എന്ത് വിലയാണ് കാണിക്കുന്നത്?

ഇതൊന്നും പറയാന്‍ ഞാന്‍ അത്ര വലിയ പുണ്യവാളന്‍ ഒന്നും അല്ല.. പക്ഷെ പുണ്യവാളന്മാരുടെ പാതയിലൂടെ സഞ്ചരിക്കാനും വിശ്വാസികളെ നേര്‍വഴി കാണിക്കുവാനും കടപ്പെട്ടവര്‍ വെറും ചന്തപ്പിള്ളാരെ പോലെ കാണിക്കുന്ന വൃത്തികേടുകള്‍ കാണുമ്പോള്‍ പറയാതിരിക്കാന്‍ സാധിക്കുന്നില്ല.

 "കര്‍ത്താവെ ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ല.ഇവരോട് പൊറുക്കേണമേ"


Sunday, 11 September 2011

മനോഹരമായ ആതിരപ്പള്ളി -വാല്‍പ്പാറ വനപാതയിലൂടെ ഒരു യാത്ര


സൂര്യന്‍ ഇനിയുംകണ്ണ് തുറന്നിട്ടില്ല. കോട്ടയത്തിനു കിഴക്കുള്ള കൂരോപ്പട എന്ന ഗ്രാമത്തിലെ 5 ചങ്ങാതിമാര്‍ ഒരു യാത്രയ്ക്കുള്ള ഒരുക്കത്തിലാണ് . യാത്രകള്‍ ഹരമാക്കിയ ഒരു കൂട്ടം ചെറുപ്പക്കാര്‍ .
 (ജിനു,ജിജോ,ജിന്റു,വിവേക്,വിനീത് )

       ചെറിയ ചാറ്റല്‍ മഴയുണ്ട് . ഹ്യുണ്ടായി i10 ലാണ്  യാത്ര. ജിജോ കാറിന്റെ ഫസ്റ്റ് ഗിയര്‍ ഇട്ടു. കാര്‍ കൂരോപ്പടയില്‍ നിന്നും വാല്‍പ്പാറ ലക്ഷ്യമാക്കി കുതിച്ചു.

യാത്രയിലെ ആദ്യ കാഴ്ചയായ ആതിരപ്പള്ളിയിലെത്തി.

 അതിമനോഹരമായ വെള്ളച്ചാട്ടം പല തവണ ആസ്വദിച്ചിട്ടുണ്ടെങ്കിലും ഓരോ തവണയും കാണുമ്പോള്‍ വെള്ളച്ചാട്ടത്തിന്റെ സൌന്ദര്യം വര്‍ധിക്കുന്നത് പോലെ.
 ജലപാതത്തിന്റെ ഹുങ്കാര ശബ്ദം. വന്യമായ ആവേശത്തോടെ വെള്ളം ആകാശം തുളച്ചു താഴെ പാറക്കൂട്ടങ്ങളില്‍ വീണു ചിതറുന്നു.

അപ്പോഴേക്കും  മഴയുടെ ശക്തി കൂടുവാന്‍ തുടങ്ങി. ഞങ്ങള്‍ തിരികെ കാറിനടുത്തെത്തി ഇനി മുമ്പോട്ടു വനമാണ്. വനത്തിനുള്ളില്‍ കയറിക്കഴിഞ്ഞാല്‍ ഒരു കട പോയിട്ട് ചിലപ്പോള്‍ മനുഷ്യജീവിയെ  പോലും കണ്ടില്ലെന്നു വരും. ആതിരപ്പള്ളിയില്‍ കുറച്ചു കടകള്‍ ഉണ്ട്. പക്ഷെ ഒടുക്കത്തെ റേറ്റ് ആണ്. അവിടെ നിന്ന് വഴിക്ക് കഴിക്കാനായി കുറെ സാധനങ്ങള്‍  വാങ്ങി. ഞങ്ങള്‍ ആതിരപ്പള്ളിയോടു വിട പറഞ്ഞു.

    ആതിരപ്പള്ളിയില്‍ നിന്നും i10 വാഴചാലിനു വിട്ടു. അവിടെ ഹോട്ടലുകള്‍ ഉണ്ട് ഒരു  ഹോട്ടലില്‍ കയറി പ്രഭാത ഭക്ഷണം കഴിച്ചു.അതിനു ശേഷം വാഴച്ചാല്‍ വെള്ളച്ചാട്ടം കണ്ടു.

അധികനേരം നില്‍ക്കാന്‍ സമയം ഇല്ല.അവിടെ നിന്നും പെട്ടെന്ന് തന്നെ വാഴച്ചാല്‍ ഫോറെസ്റ്റ്  ഡിവിഷന്‍ ചെക്ക്‌ പോസ്റ്റില്‍ യാത്രയുടെ വിവരങ്ങള്‍ എഴുതിക്കൊടുത്തു യാത്രാനുമതിക്കായി കാത്തു നിന്നു. ഒരു   ഫോറെസ്റ്റ് ഗാര്‍ഡ് വന്നു വണ്ടി പരിശോധിച്ചു. കൈവശമുള്ള പ്ലാസ്റ്റിക്‌ കുപ്പികളുടെയും മറ്റു സാധനങ്ങളുടെയും ലിസ്റ്റ് എടുത്തു. പ്ലാസ്റ്റിക്‌ ഒന്നും വനത്തില്‍ കളയരുതെന്നും പ്രത്യേകം നിര്‍ദേശിച്ചു. വന്യമൃഗങ്ങള്‍ പ്ലാസ്റ്റിക്‌  തിന്നാതിരിക്കാനുള്ള മുന്‍കരുതലാണ്. ചെക്കിംഗ് അവസാനിപ്പിച്ചു ഫോറെസ്റ്റ് ഗാര്‍ഡ്  യാത്രാനുമതി തന്നു. i10 വാഴച്ചാലില്‍ നിന്നും മുന്നോട്ട് കുതിച്ചു. പുറകില്‍ വാഴച്ചാല്‍ വെള്ളച്ചാട്ടത്തിന്റെ ഇരമ്പം



     ഷോളയാര്‍ മഴക്കാടുകളില്‍ കൂടിയാണ് യാത്ര. വഴിക്ക് ഇരുവശവും ഈറ്റക്കാടുകള്‍ . ചില സ്ഥലങ്ങളില്‍ റോഡിനെ ഇരുവശത്ത് നിന്നും പൊതിയുന്ന വൃക്ഷജാലങ്ങള്‍ . ഇടയ്ക്കിടെ കനത്ത പുല്‍മേടുകള്‍ . ചാലക്കുടി പുഴയുടെ വന്യ ഭാവങ്ങള്‍ . കാറിന്റെ സ്പീഡില്‍ പറന്നു പൊങ്ങിയ കരിയിലകൂട്ടങ്ങള്‍ വീണ്ടും റോഡില്‍ വീണു ഉറക്കം തുടങ്ങി.

പിന്നിടുന്ന വഴികള്‍ അതിവേഗം വിദൂരമായി.വഴി നിറയെ ആനപിണ്ടങ്ങള്‍ . ഒരു കാട്ടനയെയെങ്കിലും കാണണമെന്ന് എല്ലാവരുടെയും ഉള്ളിലുണ്ട്. പക്ഷെ കാട്ടാന മുന്നില്‍ വന്നാല്‍ കാറിന്റെ വരെ കാറ്റ് ചിലപ്പോള്‍ പോയേക്കാം. അത് കൊണ്ട് കാട്ടാനയെ വഴിയില്‍ കാണരുതേ  എന്ന്  എല്ലാവരുടെയും മനസ്സിന്റെയുള്ളില്‍ പ്രാര്‍ഥനയും ഉണ്ട്. 



                      ഒരു വളവു തിരിഞ്ഞു  ചെന്നപ്പോള്‍ ഫ്രഷ്‌ ആയ കുറെ ആനപിണ്ടങ്ങള്‍ കിടക്കുന്നു. കാറിന്റെ സ്പീഡ് തനിയെ കുറഞ്ഞു. മുന്നിലെങ്ങാനും ആനക്കൂട്ടമുണ്ടോ? ഓരോ വളവിലും ആനയെ പ്രതീക്ഷിച്ചു കൊണ്ടാണ് കാറ് തിരിച്ചത് .



കുറച്ചു മുന്നോട്ടു ചെന്നപ്പോള്‍ ഒരു മനോഹരമായ പുഴ. കാര്‍ നിര്‍ത്തി ഞങള്‍ അവിടെ ഇറങ്ങി.പുഴയുടെ കരയില്‍ ആനയുടെ കാല്‍പ്പാടുകള്‍ .

ആനക്കൂട്ടം അക്കരയില്‍ നിന്നും നദിയിലൂടെ കയറി വന്നതാണെന്ന് തോന്നുന്നു. പെട്ടെന്ന് തൊട്ടടുത്ത്‌  കാട്ടിനുള്ളില്‍ നിന്നും ആനയുടെ   ചിന്നം വിളി കേട്ടു . ആനയെ കാണണമെന്നുള്ള മോഹമുണ്ടെങ്കിലും ആന മുമ്പില്‍ വന്നാല്‍ ചിലപ്പോള്‍ പണി കിട്ടുമെന്നുള്ളത് കൊണ്ട്  പെട്ടെന്ന് തന്നെ ഞങ്ങള്‍ കാറില്‍ കയറി അവിടെ നിന്നും  സ്ഥലം കാലിയാക്കി.


            പിന്നെയും വിജനമായ പാതയിലൂടെ കാര്‍ മുന്നോട്ട് പാഞ്ഞു. ഒരു വളവു തിരിഞ്ഞപ്പോള്‍ മുന്നില്‍ പെരിങ്ങല്‍കുത്ത് ഡാമിന്റെ വൃഷ്ടി പ്രദേശം.അതിമനോഹരമായ കാഴ്ച. പച്ചയുടെ ഉത്സവമേളം.അനക്കമില്ലാതെ കിടക്കുന്ന തടാകം. മനോഹരമായ ഒരു പെയിന്റിംഗ് പോലെ ക്യാമറയുടെയും മനസ്സിന്റെയും ഫ്രെയിമില്‍ ഒരേ സമയം ആ കാഴ്ച പതിഞ്ഞു.

തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടു മുമ്പുള്ള കേരളത്തിന്റെ അതിര്‍ത്തി ഗ്രാമമായ മലക്കപ്പാറയിലെത്തി. കണ്ണ് എത്തുന്നിടതെല്ലാം തേയിലത്തോട്ടങ്ങള്‍ ..ഈ തേയിലത്തോട്ടങ്ങളില്‍ ആനയും കടുവയും പുലിയുമോക്കെയുണ്ട്‌...

മലക്കപ്പാറയില്‍ നിന്നും 26 കിലോമീറ്ററുണ്ട് വാല്‍പ്പാറയ്ക്ക് . ടൌണില്‍ നിന്നും 200 മീറ്റര്‍ പിന്നിട്ടാല്‍ തമിഴ്നാട് അതിര്‍ത്തി ചെക്ക്‌ പോസ്റ്റ്‌ . പിന്നെ വഴിയില്‍ ഷോളയാര്‍ വന്നു. കേരളത്തില്‍ ആനമലയും തമിഴ്നാടില്‍ കൊരന്ക് മുടിയും കാവല്‍ നില്‍ക്കുന്ന ചോലയാര്‍ . അനുമതിയില്ലാതെ ഡാമിന് മുകളിലേക്ക് പ്രവേശനമില്ല.

      

പിന്നീടുള്ള യാത്ര ഉരുളിക്കള്‍ എസ്റ്റേറ്റ്‌  വഴി ആയിരുന്നു അത് അവസാനിക്കുന്നത് റൊട്ടിക്കവലയിലാണ് അവിടെ നിന്ന് വലത്തേക്ക് തിരിഞ്ഞാല്‍ വാല്‍പ്പാറയ്ക്ക് 6 കിലോമീറ്റര്‍ .



പച്ച പുതച്ച വഴികള്‍ പിന്നിട്ടു  വാല്‍പ്പാറ ടൌണില്‍ എത്തി.അത്യാവശ്യം വലിപ്പമുള്ള പക്കാ തമിഴ് ടൌണ്‍ . കാര്‍ഡ് ബോര്‍ഡ്‌  പെട്ടികള്‍ കുന്നിന്‍ മുകളില്‍ അടുക്കി വച്ചിരിക്കുന്നത് പോലെ ചെറിയ കെട്ടിടങ്ങള്‍ ...

 ചാലക്കുടി-വാല്‍പ്പാറ റൂട്ടില്‍ ചാലക്കുടി വിട്ടാല്‍ പിന്നെ പെട്രോള്‍ പമ്പ് ഉള്ളത് ഇവിടെയാണ്‌.

               ടൌണില്‍ നിന്നും പൊള്ളാച്ചിക്കുള്ള വഴിയില്‍ കുത്തനെ പുളഞ്ഞു കിടക്കുന്ന 40 ഹെയര്‍ പിന്നുകള്‍ നാല്‍പ്പതാമത്തെ വളവു തിരിഞ്ഞു. ഓരോ ഹെയര്‍ പിന്നുകളും പിന്നിട്ടു 13 മത്തെ വളവിലെത്തി. മുകളിലെയും താഴെയുമുള്ള ഹെയര്‍  പിന്നുകളുടെ അതിശയിപ്പിക്കുന്ന കാഴ്ച. മടക്കു മടക്കായി കിടക്കുന്ന  റോഡുകള്‍ . വളരെ ദൂരെയായി പൊള്ളാച്ചിയുടെയും ആളിയാറിന്റെയും വിസ്മയിപ്പിക്കുന്ന ദൃശ്യം കാണാം. വിവേക് അതി സാഹസികമായി ഒരു പാറയിലൂടെ വലിഞ്ഞു കയറി മുകളിലെത്തി ഹെയര്‍ പിന്നുകളുടെയും വിദൂരതയില്‍ കാണുന്ന ആളിയാറിന്റെയും ചിത്രം കാനോന്‍ EOS 50D ക്യാമറയില്‍ പകര്‍ത്തി.
ശരിക്കുള്ള വ്യൂ പോയിന്റ്‌  ഒന്‍പതാം
 വളവിലാണ്,
ലോംസ് പോയിന്റ്‌ .
പാറക്കൂട്ടങ്ങള്‍ കയറിപോകുന്ന ഒരു വരയാടിനെ
അവിടെ കണ്ടു. ഞങ്ങള്‍ അവിടെ നിന്നും ലോംസ് പോയിന്റ്‌ലേക്ക് വളവു  തിരിഞ്ഞിറങ്ങി. കുത്തനെയുള്ള പാറയില്‍ കൂടി അനായാസം ഓടി നടക്കുന്ന വരയാടിന്‍ കൂട്ടങ്ങള്‍ .

  ചുരമിറങ്ങി പൊള്ളാച്ചി വഴി പാലക്കാട് ചെന്ന് കോട്ടയത്തേക്ക് തിരിക്കാം എന്ന് തീരുമാനിച്ചു.
  അങ്ങനെ ഞങ്ങള്‍ ചുരമിറങ്ങി യാത്ര തുടര്‍ന്നു.കുറച്ചു മുമ്പോട്ടു ചെന്നപ്പോള്‍ ഒരു വെള്ളച്ചാട്ടം. Monkey Falls. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നിരവധി വാനരന്മാര്‍ ടൂറിസ്റ്റുകളുടെ ഇടയില്‍ കൂടി ഓടിക്കളിക്കുന്നു.വളരെയധികം ടൂറിസ്റ്റുകള്‍ വന്നു പോകുന്ന ഒരു സ്ഥലമാണ് Monkey Falls. 


അവിടെ നിന്നും 5 കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍  ആളിയാര്‍ ഡാം എത്തി. 2 കിലോമീറ്റര്‍ നീളത്തില്‍ വിശാലമായി കിടക്കുന്ന മനോഹരമായ ഡാം. ഡാമിനകത്തെക്ക്  പ്രവേശിക്കന്നതിനുള്ള പാസ്സെടുത്തു ഡാമിനുള്ളിലേക്ക്  ഞങ്ങള്‍ നടന്നു.




ഡാമിന്റെ മുമ്പിലായി സന്ദര്‍ശകര്‍ക്കായി തമിഴ് നാട് ഫിഷറീഷ്  വകുപ്പ്  ഒരു പാര്‍ക്ക്  ഒരുക്കിയിട്ടുണ്ട്. അത് പിന്നിട്ടു ഞങ്ങള്‍ ഡാമിന്റെ മുകളിലേക്ക് പടികള്‍ പിന്നിട്ടു. പടികള്‍ക്കു ഇരുവശവും നീളത്തിലുള്ള മനോഹരമായ പുല്ലുകള്‍ . പടികള്‍ കയറി മുകളിലെത്തിയ ഞങ്ങള്‍ക്ക് മുമ്പില്‍ വിസ്മയക്കാഴ്ച്ചയൊരുക്കി ആളിയാര്‍ ഡാം. മൂന്നു വശവും മലകളാല്‍ സംരക്ഷണഭിത്തിയോരുക്കി പരന്നുകിടക്കുകയാണ് ഡാം.

 അങ്ങകലെ അസ്തമയ സൂര്യന്‍ താഴ്ന്നു തുടങ്ങുന്നു.  ഞങ്ങള്‍ ആളിയാറിനോട് വിട പറഞ്ഞു പൊള്ളാച്ചി വഴി പാലക്കാടെത്തി. അവിടെനിന്നും നേരെ കോട്ടയം ലക്ഷ്യമാക്കി ഞങ്ങളുടെ i 10 കുതിച്ചു.

കോട്ടയത്തെത്തിയപ്പോഴും മനസ്സ് ആതിരപ്പള്ളിക്കും  വാല്‍പ്പാറയ്ക്കും ഇടയില്‍ തങ്ങി നില്‍ക്കുകയായിരുന്നു..



***====*=======*=======*=======*=======*=======*=======*====***

       കൂടുതല്‍ ചിത്രങ്ങള്‍ കാണുവാന്‍ സന്ദര്‍ശിക്കൂ  http://www.facebook.com/pages/Vettakkaaran/186154868122251    

  താങ്കള്‍ക്കു ഈ ബ്ലോഗ്‌ ഇഷ്ടപ്പെട്ടെങ്കില്‍ ഈ ബ്ലോഗിന്റെ വലതു വശത്ത് കാണുന്ന Find us on facebook എന്നതില്‍ Like ബട്ടണില്‍ പ്രസ്‌ ചെയ്യു ..
          
***====*=======*=======*=======*=======*=======*=======*====***

Travel Tips 

=> Prior permission needed from Chalakkudy & Vazhachal DFo's to entering in the Forest.
=> There are no Petrol pumps between Chalakkudy & Valparai(114km)
=> Avoid Night journey through the forest route.
=> Watchout leeches on Forest tracks.

Sights On The Way

 Dream World Water Theme Park 
 Near to the Athirappally Waterfalls, 8km from Chalakkudy. 
 Entry time: 10.30 am-6.30pm.
 Entry Fee: Rs.300(Adults), Rs.200(Children), Rs.150(Senior Citizen)

Silver Storm Water Theme Park
Near to the Athirappally waterfalls. 19km from Chalakkudy.
Entry time: 10am-7.30pm.
Entry Fee: Rs.290(Adults), Rs.230(Children), Rs. 140(Senior Citizen)

Athirappilly Waterfalls
A popular picnic spot located at the entrance of Sholayar ranges.

Charpa Waterfalls
Adjacent to Athirappally waterfalls.

Vazhachaal Waterfalls
  5km from Athirappilly Waterfalls.

Peringalkuthu Dam
  Located on Chalakkudy river. Dam is situated deep in the forest on the way to Valparai.Special permission is needed to visit the Dam.

Lower Sholayar Dam
  On the way to Malakkapaara.


Malakkapaara Tea Estate
Situated in the border village of Kerala and Tamilnadu


Upper Sholayaar
  Scenic spot on the way to Valparai


Nirar Dam
15km from Valpaarai. It recives very high rainfall in the month of June and July.


Valppaari Hairpins
  The 40 hairpins between Valparai to Pollachi itself is an amazing sight.

Balaji temple
  Famous temple situated in karamalai, 10km from Vaalpaarai.


Monkey Falls 
  Near to the uphill ghat road Valparai on the Pollachi-Valparai road in the Anaimalai Hills range. It is a refreshing natural waterfalls.

 Aaliyar Dam
Aaliyar Dam is located near Pollachi town. The dam is located in the foothills of Valparai, in the Anamalai Hills of the Western Ghats. It is about 65 km from Coimbatore. The dam offers some ideal getaways including a park, garden, aquarium, play area and a mini Theme-Park maintained by Tamil Nadu Fisheries Corporation for visitors enjoyment. The scenery is beautiful, with mountains surrounding three quarters of the reservoir. Boating is also available

Monday, 5 September 2011

'ബ്ലെസ്സിയുടെ പ്രണയം'







                                 ഭ്രമരത്തിന് ശേഷം സംവിധായകന്‍ ബ്ലെസി അണിയിച്ചൊരുക്കിയ മനോഹര ചിത്രമാണ് പ്രണയം. മലയാള സിനിമയില്‍ പലതരം പ്രണയ ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമായ ഒരു ചിത്രമാണ് ബ്ലെസി 'പ്രണയത്തിലൂടെ പ്രേക്ഷകന് നല്‍കുന്നത്. കാഴ്ച, തന്മാത്ര എന്നീ രണ്ടു മനോഹര ചിത്രങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പ്രേക്ഷകരെ വേണ്ടത്ര തൃപ്തിപ്പെടുത്തിയില്ല. എന്നാല്‍ പ്രണയം അതി ശക്തമായ തിരക്കഥ കൊണ്ട്  ഗുരുവായ പദ്മരാജന്റെ അനുഗ്രഹം തന്റെമേല്‍ ഉണ്ടെന്നു അദ്ദേഹം തെളിയിച്ചിരിക്കുന്നു.

കഥ

 40 വര്‍ഷം മുമ്പ് ഭാര്യയുമായി പിണങ്ങിയ അച്യുതമേനോന്‍ ( അനുപം ഖേര്‍ ) സിറ്റിയില്‍ മരുമകളുടെയും കൊച്ചുമകളുടെയും കൂടെ താമസിക്കുവാന്‍ തന്റെ മകന്റെ ഫ്ലാറ്റില്‍ വന്നിരിക്കുകയാണ്.മകന്‍ (അനൂപ്‌ മേനോന്‍ ) ഗള്‍ഫിലാണ്. 

                              ഒരു ദിവസം അച്യുതമേനോന്‍ അവിചാരിതമായി തന്റെ ഫ്ലാറ്റിനു സമീപം താമസത്തിന് വന്ന തന്റെ ഭാര്യയായിരുന്ന ഗ്രേസിനെ( ജയ പ്രദ ) കണ്ടു മുട്ടുന്നു. ഗ്രേസിനെ പെട്ടെന്ന് കണ്ട ഷോക്കില്‍ അച്ച്യത മേനോന്  ഹാര്‍ട്ട് അറ്റാക്ക്  ഉണ്ടാകുന്നു. ഗ്രേസ്  അച്യുതമേനോനെ ആശുപത്രിയില്‍ എത്തിക്കുന്നു.

  ഗ്രേസും  ഇപ്പോഴത്തെ ഭര്‍ത്താവ് പ്രൊഫെസ്സര്‍ മാത്യുസും( മോഹന്‍ ലാല്‍ ) താമസിക്കുന്നത് അച്യുതമേനോന്റെ ഫ്ലാറ്റിനു തൊട്ടടുത്ത്‌ മകളുടെയും കുടുംബത്തിന്റെയും കൂടെയാണ്. മാത്യുസിനു പക്ഷപാതം വന്നു ഒരു വശം തളര്‍ന്നു വീല്‍ ചെയറിനെ ആശ്രയിച്ചു കഴിയുകയാണ്. അച്യുതമേനോന്റെ  കാര്യം മാത്യുസിനെ നേരത്തെ തന്നെ ഗ്രേസ്  അറിയിച്ചിട്ടുള്ളതാണ്. വിശാലമനസ്കനായ മാത്യുസിനു അത്  ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നു.  

     എന്നാല്‍ തന്നെ രണ്ടു വയസ്സുള്ളപ്പോള്‍ ഉപേക്ഷിച്ചു പോയ അമ്മയെ അംഗീകരിക്കാന്‍ അച്യുതമേനോന്റെ മകന് സാധിക്കുന്നില്ല. മാത്യുസിന്റെ കുടുംബത്തിലും സ്ഥിതി അതുപോലെയൊക്കെ തന്നെ ആണ്. 

                     അച്യുതമേനോനും മാത്യുസും ഗ്രേസും ഒരു ഉല്ലാസയാത്ര പുറപ്പെടുന്നു. തുടര്‍ന്നുള്ള സംഭവ വികാസങ്ങള്‍ പ്രേക്ഷകന്റെ ഹൃദയത്തില്‍ ആഴത്തില്‍  പതിയുന്ന തരത്തില്‍ മുന്നോട്ടു പോകുന്നു....

പ്രണയം മനോഹരം...അതിമനോഹരം....

      പ്രണയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും ബ്ലെസ്സിക്ക് അവകാശപ്പെട്ടതാണ്. സിനിമയുടെ ആദ്യന്തം ബ്ലെസി അത് പ്രകടമാക്കുന്നുണ്ട്. കഥാപാത്രങ്ങളുടെ ശരിയായ തിരഞ്ഞെടുപ്പ് മുതല്‍ അദ്ദേഹത്തിന്റെ വൈദഗ്ധ്യം കാണാം. . മാത്യുസിന്റെ റോളില്‍ തകര്‍ത്തഭിനയിച്ച മോഹന്‍ലാലിന്റെ കാര്യം എടുത്തു പറയേണ്ട ഒന്നാണ്.കുറെ വര്‍ഷങ്ങളായിമോഹന്‍ലാലില്‍ നിന്നും അകന്നു പോയ ജനഹൃദയങ്ങളില്‍ അദ്ദേഹം വളരെ ശക്തമായി തിരിച്ചു വന്നിരിക്കുന്നു. 
    ജയപ്രദയും, അനുപം ഖേറും തങ്ങളുടെ റോള് അതിമനോഹരമായി ചെയ്തു. ഒരു തനി മലയാളി എന്നല്ലാതെ അനുപം ഖേറിനെ ചിന്തിക്കാന്‍ സാധിക്കില്ല. ആകെയൊരു ചെറിയ പ്രശ്നം തോന്നിപ്പിച്ചത് അദ്ദേഹത്തിന്റെ ചുണ്ടുകളുടെ ചലനവും ഡയലോഗുകളും പൊരുത്തപ്പെടാത്തതാണ്.
     അനുപം ഖേറിന്റെ മകനായി അഭിനയിച്ച അനൂപ്‌ മേനോനും തന്റെ കഥാപാത്രത്തെ നന്നായി ചെയ്തു. രണ്ടു പേരും നല്ല ചേര്‍ച്ച ആയിരുന്നു.
എം.ജയചന്ദ്രന്‍ സംഗീതം നല്‍കിയ മൂന്ന് ഗാനങ്ങളും പശ്ചാത്തല സംഗീതവും സിനിമയ്ക്ക് ജീവന്‍ പകരുന്നു. ‘ഐ ആം യുവര്‍ മാന്‍ ..’ എന്ന ഇംഗ്ലീഷ്  ഗാനം മോഹന്‍ലാല്‍ നന്നായി ആലപിച്ചിരിക്കുന്നു.
         സതീഷ്‌ കുറുപ്പിന്റെ ഛായാഗ്രഹണവും പ്രശാന്ത് മാധവിന്റെ കലാസംവിധാനവും എടുത്തു പറയേണ്ടവയാണ്. പ്രേക്ഷകരുടെ മനസ്സിലേക്ക് പ്രണയത്തെ അതിന്റെ ഭംഗിയില്‍ എത്തിക്കാന്‍ രണ്ടു പേര്‍ക്കും സാധിച്ചു.
   . ക്ലൈമാക്സ്‌ തകര്‍ത്തു. പ്രേക്ഷകന്റെ മനസ്സിനെ തകിടം മറിക്കുന്ന ക്ലൈമാക്സ്‌. ഓരോ പ്രേക്ഷകന്റെയും ഹൃദയത്തില്‍ ഒരു വിങ്ങല്‍ ഉണ്ടാകുമെന്ന് തീര്‍ച്ച.


           സംവിധായകന്റെ കലയാണ്‌ സിനിമ എന്ന് ബ്ലെസി പ്രണയത്തിലൂടെ തെളിയിച്ചിരിക്കുന്നു. ഏതൊരു നടന്റെ ഫാന്‍സുകാരനെങ്കിലും ഒരു ക്ലാസ്സിക്‌ സിനിമയെന്ന് കേട്ടാല്‍ തിയറ്ററിന്റെ ഏഴയലത്ത് അടുക്കില്ല.പ്രണയത്തിനും ആ കാര്യത്തില്‍ മാറ്റമില്ല. മൌത്ത് പബ്ലിസിറ്റിയിലൂടെ പടം മുന്നോട്ട് പോകുന്നു.


എന്റെ റേറ്റിംഗ്  8 .5 / 10


  വാല്‍ക്കഷ്ണം : പ്രണയം 2000 ല്‍ പുറത്തിറങ്ങിയ ഇന്നസെന്‍സ് എന്ന ഓസ്ട്രേലിയന്‍ ചിത്രത്തിന്റെ  കോപ്പി അടി ആണെന്ന് കേള്‍ക്കുന്നു.

Thursday, 1 September 2011

മുതലെടുപ്പിന്റെ ഉത്സവം - ഓണം


ഇത് ചിങ്ങമാസം ലോകമെമ്പാടുമുള്ള മലയാളികള്‍ മലയാളിത്വത്തിന്റെ തനിമയോടെ നെഞ്ചോട്‌ ചേര്‍ത്ത് നിര്‍ത്തുന്ന ചുരുക്കം ചില ആഘോഷങ്ങളില്‍ ഒന്ന്. പൂവേ പൊലി പൂവേ പൊലി പാടിക്കൊണ്ട് ഓണം വീണ്ടും വരുന്നു. കുന്നിന്‍ ചെരുവുകളില്‍ പൂ പറിക്കാന്‍ പോയ പിള്ളേരുടെ പാട്ടില്‍ പഴങ്കതയ്ക്ക്  ചിനലുകള്‍ പൊട്ടുന്നു.

തൃക്കാക്കര മുറ്റത്തൊരു
തുമ്പ മുളച്ചേ
തുംബക്കുടത്തില്‍ ഒരാല് മുളച്ചേ
ആളിന്റെ കൊമ്ബതൊരു
തോണി ചമാച്ചേ...
ഉണ്ണിക്കു കൊട്ടാനും പാടാനും
തുടിയും തുടിക്കോലും 
പറയും പറക്കോലും
 പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ....!
     
           ഓണം മലയാളിക്ക് ഓര്‍മ്മകളുടെ ഉത്സവമാണ് . ആ പഴയ  ഓണപ്പാട്ടില്‍ പറയും പോലെ മാനുഷ്യരെല്ലാരും  ഒന്ന് പോലെ ആമോദത്തോടെ വസിച്ച ഒരു കാലത്തിന്റെ ഓര്‍മ്മ പുതുക്കല്‍ .

               പൂവിളികള്‍ ഉയരുന്നു. പൂമ്പാറ്റകള്‍  പാറുന്നു. പൂക്കളങ്ങള്‍ ഒരുങ്ങുന്നു. മാവേലി മന്നനെ സ്വീകരിക്കുവാന്‍ നാടും നഗരവും തയ്യാറെടുപ്പുകളുമായി  നെട്ടോട്ടത്തിലാണ്. പുത്തനുടുപ്പിന്റെ പകിട്ടും, തൂശനിലയിലെ സ്വാദൂറും വിഭവങ്ങളും. ഊഞ്ഞാലില്‍ നിന്നും വീണ ചെറിയ വേദനകളും ഒക്കെയായി ഗൃഹാതുരത്വമുണര്‍ത്തുന്ന മധുര സ്വപ്‌നങ്ങള്‍ അയവിറക്കുവാന്‍ മലയാളിക്ക് മുമ്പില്‍ ഒരു ഓണക്കാലം കൂടി കടന്നു വന്നിരിക്കുന്നു.

                കാര്‍ഷിക കേരളം ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായിട്ടും വിളവെടുപ്പിന്റെ മാസവുമായിട്ടാണ് ചിങ്ങ മാസത്തെ കണ്ടിരുന്നത്‌. എന്നാല്‍ ഇപ്പോള്‍ ചിങ്ങമാസം വിളവെടുപ്പിന്റെതല്ല. മറിച്ചു മുതലെടുപ്പിന്റെ ഉത്സവമായി മാറിക്കൊണ്ടിരിക്കുകയാണ്. വസ്ത്രശാലകളും ഗൃഹോപകരണ ശാലകളും എന്തിനു വഴിയരികിലുള്ള ഉപ്പെരിക്കടകള്‍ പോലും ആകര്‍ഷകമായ സൌജന്യങ്ങള്‍  പ്രഖ്യാപിച്ചു മനുഷ്യന്റെ വൈകാരികതയെ ചൂഷണം ചെയ്തു മുതലെടുപ്പ് തന്ത്രങ്ങള്‍ പയറ്റി  തുടങ്ങുന്ന കാലം.

  ഊഞ്ഞാലാടുവാനും പൂക്കളം തീര്‍ക്കുവാനും പൂവിറക്കുവാനും മുന്നിട്ടു നിന്നിരുന്ന കുഞ്ഞുങ്ങള്‍ കമ്പ്യുട്ടറും മൊബൈല്‍ ഫോണും  ഗെയ്മുകളും   മറ്റും വന്നതോടെ ശരീരത്തില്‍ മണ്ണ് പറ്റുന്ന പലതും ഉപേക്ഷിച്ചു കഴിഞ്ഞു.നല്ല അയല്‍ ബന്ധങ്ങള്‍ പോലും നമുക്ക് അന്യമായിരിക്കുന്നു.
ടെലിവിഷന്‍ ചാനലുകള്‍ പറയുന്നത് ഈ ഓണക്കാലം ഞങ്ങളോടൊപ്പം.. ഒരുപാട് ദ്രിശ്യവിസ്മയങ്ങള്‍ ഒരുക്കി അവര്‍ പ്രേക്ഷകരെ 24 മണിക്കൂറും ടെലിവിഷന് മുന്നില്‍ പിടിച്ചിരുത്തുന്നു. 

പ്രശസ്തമായ ഒരു നാടന്‍ ചൊല്ല് ഉണ്ട്.

"നെല്ല് കോയ്യട കോര
എനിക്ക് വയ്യന്റമ്മേ

നെല്ല് കുത്തട കോര
എനിക്ക് വയ്യന്റമ്മേ

കഞ്ഞി കുടിക്കെടാ കോര
അങ്ങനെ പറയെന്റമ്മേ"

കേരളത്തില്‍ കോരന്മാരുടെ എണ്ണം വര്‍ധിക്കുകയാണ്.


  കേരളത്തില്‍ ഇപ്പോള്‍ പൂക്കളില്ല.പൂക്കളങ്ങള്‍ ഇപ്പോള്‍ ചായം തേച്ച മരപ്പൊടിയും ഉപ്പും കൊണ്ടാണ്. പൂക്കളങ്ങള്‍ അപൂര്‍വ്വം.
നമ്മുടെ മനസ്സ് പോലെ നന്മയുടെ ഭൂമിയും തരിശാവുകയാണോ?
പൂക്കള്‍ വരുന്നത് തമിഴ്നാട്ടില്‍ നിന്നും ആണ്. അതിനു പൊന്നിന്റെ വില.

ആരും വീടുകളില്‍ സദ്യയോ പായസമോ ഉണ്ടാക്കാറില്ല എല്ലാം റെഡിമെയ്ഡ്  ആയി ലഭിക്കും.ഒരു സദ്യ പോലും ഉണ്ടാക്കാന്‍ മേല ഇന്നത്തെ മലയാളിക്ക്.

ഓണം ഇപ്പോള്‍ ചന്തയില്‍ വില്പനയ്ക്ക് വച്ചിരിക്കുകയാണ്.

   എന്നാലും ഓണമുണ്ട്. അത് മലയാളിയുടെ പൈത്രുകവുമായി കേട്ട് പിണഞ്ഞു കിടക്കുന്ന ഒരു  ഗൃഹാതുരതയാണ്. മറ്റുള്ള ആഘോഷങ്ങള്‍ പോലെയല്ല, ഓണം എല്ലാവരുടെയും ഉത്സവമാണ് അതിനു മതവും ജാതിയുമില്ല. അത് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും ഉത്സവമാണ്.

            ചിങ്ങമാസം നമ്മുടെ കലാലയങ്ങള്‍ മലയാളിത്വമുള്ള യുവത്വങ്ങളെ കൊണ്ട് നിറയുന്ന കാലമാണ്. തനി കേരളീയ വേഷത്തില്‍ പരിഷ്കാരത്തിന്റെയും പാശ്ചാത്യ ഭ്രമത്തിന്റെയും വേഷം കെട്ടലുകളില്ലാതെ കേരള യുവത്വത്തിന്റെ ശ്രീത്വം ആസ്വദിക്കണമെങ്കില്‍ ഓണം വരണമെന്നായിരിക്കുന്നു. കുട്ടിയെ നോക്കാതെ പട്ടിയെ നോക്കുന്ന വീട്ടമ്മമാര്‍ക്ക് നമ്മുടെ പൈതൃകങ്ങളിലേക്ക്  മടങ്ങി വരണമെന്ന ശക്തമായ  ആഹ്വാനമാണ്   നമ്മുടെ  കലാലയങ്ങളിലെ യവ്വനക്കാരിലൂടെ ഓണക്കാലം മലയാളിക്ക് പകര്‍ന്നു നല്‍കുന്ന സന്ദേശം.


 പണ്ട് കേട്ട് മറന്ന ഓണപ്പാട്ടിന്റെ കൂടെ ചേര്‍ന്ന് പാടാന്‍ തോന്നുന്നു....

 പൂവേ പൊലി പൂവേ പൊലി 
  പൂവേ പൊലി പൂവേ.....  
തൃക്കാക്കര മുറ്റത്തൊരു
തുമ്പ മുളച്ചേ...!

എല്ലാവര്‍ക്കും വേട്ടക്കാരന്റെ ഓണാശംസകള്‍