Monday, 5 September 2011

'ബ്ലെസ്സിയുടെ പ്രണയം'                                 ഭ്രമരത്തിന് ശേഷം സംവിധായകന്‍ ബ്ലെസി അണിയിച്ചൊരുക്കിയ മനോഹര ചിത്രമാണ് പ്രണയം. മലയാള സിനിമയില്‍ പലതരം പ്രണയ ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമായ ഒരു ചിത്രമാണ് ബ്ലെസി 'പ്രണയത്തിലൂടെ പ്രേക്ഷകന് നല്‍കുന്നത്. കാഴ്ച, തന്മാത്ര എന്നീ രണ്ടു മനോഹര ചിത്രങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പ്രേക്ഷകരെ വേണ്ടത്ര തൃപ്തിപ്പെടുത്തിയില്ല. എന്നാല്‍ പ്രണയം അതി ശക്തമായ തിരക്കഥ കൊണ്ട്  ഗുരുവായ പദ്മരാജന്റെ അനുഗ്രഹം തന്റെമേല്‍ ഉണ്ടെന്നു അദ്ദേഹം തെളിയിച്ചിരിക്കുന്നു.

കഥ

 40 വര്‍ഷം മുമ്പ് ഭാര്യയുമായി പിണങ്ങിയ അച്യുതമേനോന്‍ ( അനുപം ഖേര്‍ ) സിറ്റിയില്‍ മരുമകളുടെയും കൊച്ചുമകളുടെയും കൂടെ താമസിക്കുവാന്‍ തന്റെ മകന്റെ ഫ്ലാറ്റില്‍ വന്നിരിക്കുകയാണ്.മകന്‍ (അനൂപ്‌ മേനോന്‍ ) ഗള്‍ഫിലാണ്. 

                              ഒരു ദിവസം അച്യുതമേനോന്‍ അവിചാരിതമായി തന്റെ ഫ്ലാറ്റിനു സമീപം താമസത്തിന് വന്ന തന്റെ ഭാര്യയായിരുന്ന ഗ്രേസിനെ( ജയ പ്രദ ) കണ്ടു മുട്ടുന്നു. ഗ്രേസിനെ പെട്ടെന്ന് കണ്ട ഷോക്കില്‍ അച്ച്യത മേനോന്  ഹാര്‍ട്ട് അറ്റാക്ക്  ഉണ്ടാകുന്നു. ഗ്രേസ്  അച്യുതമേനോനെ ആശുപത്രിയില്‍ എത്തിക്കുന്നു.

  ഗ്രേസും  ഇപ്പോഴത്തെ ഭര്‍ത്താവ് പ്രൊഫെസ്സര്‍ മാത്യുസും( മോഹന്‍ ലാല്‍ ) താമസിക്കുന്നത് അച്യുതമേനോന്റെ ഫ്ലാറ്റിനു തൊട്ടടുത്ത്‌ മകളുടെയും കുടുംബത്തിന്റെയും കൂടെയാണ്. മാത്യുസിനു പക്ഷപാതം വന്നു ഒരു വശം തളര്‍ന്നു വീല്‍ ചെയറിനെ ആശ്രയിച്ചു കഴിയുകയാണ്. അച്യുതമേനോന്റെ  കാര്യം മാത്യുസിനെ നേരത്തെ തന്നെ ഗ്രേസ്  അറിയിച്ചിട്ടുള്ളതാണ്. വിശാലമനസ്കനായ മാത്യുസിനു അത്  ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നു.  

     എന്നാല്‍ തന്നെ രണ്ടു വയസ്സുള്ളപ്പോള്‍ ഉപേക്ഷിച്ചു പോയ അമ്മയെ അംഗീകരിക്കാന്‍ അച്യുതമേനോന്റെ മകന് സാധിക്കുന്നില്ല. മാത്യുസിന്റെ കുടുംബത്തിലും സ്ഥിതി അതുപോലെയൊക്കെ തന്നെ ആണ്. 

                     അച്യുതമേനോനും മാത്യുസും ഗ്രേസും ഒരു ഉല്ലാസയാത്ര പുറപ്പെടുന്നു. തുടര്‍ന്നുള്ള സംഭവ വികാസങ്ങള്‍ പ്രേക്ഷകന്റെ ഹൃദയത്തില്‍ ആഴത്തില്‍  പതിയുന്ന തരത്തില്‍ മുന്നോട്ടു പോകുന്നു....

പ്രണയം മനോഹരം...അതിമനോഹരം....

      പ്രണയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും ബ്ലെസ്സിക്ക് അവകാശപ്പെട്ടതാണ്. സിനിമയുടെ ആദ്യന്തം ബ്ലെസി അത് പ്രകടമാക്കുന്നുണ്ട്. കഥാപാത്രങ്ങളുടെ ശരിയായ തിരഞ്ഞെടുപ്പ് മുതല്‍ അദ്ദേഹത്തിന്റെ വൈദഗ്ധ്യം കാണാം. . മാത്യുസിന്റെ റോളില്‍ തകര്‍ത്തഭിനയിച്ച മോഹന്‍ലാലിന്റെ കാര്യം എടുത്തു പറയേണ്ട ഒന്നാണ്.കുറെ വര്‍ഷങ്ങളായിമോഹന്‍ലാലില്‍ നിന്നും അകന്നു പോയ ജനഹൃദയങ്ങളില്‍ അദ്ദേഹം വളരെ ശക്തമായി തിരിച്ചു വന്നിരിക്കുന്നു. 
    ജയപ്രദയും, അനുപം ഖേറും തങ്ങളുടെ റോള് അതിമനോഹരമായി ചെയ്തു. ഒരു തനി മലയാളി എന്നല്ലാതെ അനുപം ഖേറിനെ ചിന്തിക്കാന്‍ സാധിക്കില്ല. ആകെയൊരു ചെറിയ പ്രശ്നം തോന്നിപ്പിച്ചത് അദ്ദേഹത്തിന്റെ ചുണ്ടുകളുടെ ചലനവും ഡയലോഗുകളും പൊരുത്തപ്പെടാത്തതാണ്.
     അനുപം ഖേറിന്റെ മകനായി അഭിനയിച്ച അനൂപ്‌ മേനോനും തന്റെ കഥാപാത്രത്തെ നന്നായി ചെയ്തു. രണ്ടു പേരും നല്ല ചേര്‍ച്ച ആയിരുന്നു.
എം.ജയചന്ദ്രന്‍ സംഗീതം നല്‍കിയ മൂന്ന് ഗാനങ്ങളും പശ്ചാത്തല സംഗീതവും സിനിമയ്ക്ക് ജീവന്‍ പകരുന്നു. ‘ഐ ആം യുവര്‍ മാന്‍ ..’ എന്ന ഇംഗ്ലീഷ്  ഗാനം മോഹന്‍ലാല്‍ നന്നായി ആലപിച്ചിരിക്കുന്നു.
         സതീഷ്‌ കുറുപ്പിന്റെ ഛായാഗ്രഹണവും പ്രശാന്ത് മാധവിന്റെ കലാസംവിധാനവും എടുത്തു പറയേണ്ടവയാണ്. പ്രേക്ഷകരുടെ മനസ്സിലേക്ക് പ്രണയത്തെ അതിന്റെ ഭംഗിയില്‍ എത്തിക്കാന്‍ രണ്ടു പേര്‍ക്കും സാധിച്ചു.
   . ക്ലൈമാക്സ്‌ തകര്‍ത്തു. പ്രേക്ഷകന്റെ മനസ്സിനെ തകിടം മറിക്കുന്ന ക്ലൈമാക്സ്‌. ഓരോ പ്രേക്ഷകന്റെയും ഹൃദയത്തില്‍ ഒരു വിങ്ങല്‍ ഉണ്ടാകുമെന്ന് തീര്‍ച്ച.


           സംവിധായകന്റെ കലയാണ്‌ സിനിമ എന്ന് ബ്ലെസി പ്രണയത്തിലൂടെ തെളിയിച്ചിരിക്കുന്നു. ഏതൊരു നടന്റെ ഫാന്‍സുകാരനെങ്കിലും ഒരു ക്ലാസ്സിക്‌ സിനിമയെന്ന് കേട്ടാല്‍ തിയറ്ററിന്റെ ഏഴയലത്ത് അടുക്കില്ല.പ്രണയത്തിനും ആ കാര്യത്തില്‍ മാറ്റമില്ല. മൌത്ത് പബ്ലിസിറ്റിയിലൂടെ പടം മുന്നോട്ട് പോകുന്നു.


എന്റെ റേറ്റിംഗ്  8 .5 / 10


  വാല്‍ക്കഷ്ണം : പ്രണയം 2000 ല്‍ പുറത്തിറങ്ങിയ ഇന്നസെന്‍സ് എന്ന ഓസ്ട്രേലിയന്‍ ചിത്രത്തിന്റെ  കോപ്പി അടി ആണെന്ന് കേള്‍ക്കുന്നു.

1 comment:

  1. Seems also "inspired" by the Canadian film "Away from Her (2006)". No issues to get "inspired" by foreign films, but it is always fair to leave credits to the original author which our film makers never do...

    ReplyDelete