Sunday, 4 March 2012

സദാചാരപോലീസുകാര്‍ ഭരിക്കുന്ന കേരളം


മുക്കത്ത് അനാശാസ്യ പ്രവര്‍ത്തനം ആരോപിച്ചു ഒരു സംഘം ക്രൂരമായി മര്‍ദിച്ചു കൊന്ന ഹമീദ്  ബാവ എന്നാ ചെറുപ്പകാരനെയും പോക്കറ്റടിച്ചു എന്നാരോപിച്ച് പെരുമ്പാവൂര്‍ ബസ്‌ സ്റ്റാന്‍ഡില്‍ സഹയാത്രികരുടെ മര്‍ദനമേറ്റ്  കൊല്ലപ്പെട്ട രഘു എന്ന ചെറുപ്പക്കാരനെയും സാക്ഷര കേരളം മറന്നു  കാണില്ല. തൊടുപുഴയില്‍ സഹോദരിയെ കൂട്ടിക്കൊണ്ടു പോകുവാന്‍ ഭാര്യക്കൊപ്പം എത്തിയ എസ്.ഐ. യെ സദാചാര പോലീസ് ചമഞ്ഞെത്തിയ ഒരു സംഘം അസഭ്യം പറഞ്ഞു ആക്രമിക്കാന്‍ ശ്രമിച്ചത്‌ അടുത്ത കാലത്താണ്. പോലീസിനു പോലും ഈ സദാചാര പോലീസുകാരെ നേരിടാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും?  ഒരുമാസം മുമ്പ് കോട്ടയത്ത്‌ കാറില്‍ യാത്ര ചെയ്യുകയായിരുന്ന അഭിഭാഷകനെയും ഭാര്യയേയും ബൈക്കില്‍ പിന്തുടര്‍ന്ന് എത്തിയ സംഘം ആക്രമിച്ചു. കാറിനുള്ളില്‍ അനാശാസ്യം നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.
ഇന്ന് കേരളത്തില്‍ സ്വന്തം ഭാര്യയോടൊപ്പം പോലും സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥ. അന്യന്റെ സ്വകാര്യ ജീവിതതിനുള്ളിലേക്ക് ശ്രദ്ധിക്കാനും അവിടെ എന്തൊക്കെ സംഭവിക്കുന്നു എന്നറിയാനുമുള്ള ആകാംക്ഷയാണ്‌ സദാചാര പോലീസിനുള്ളത്.

മലയാളിക്ക് ഇത്രയധികം പ്രതികരണശേഷി ഉണ്ടായിട്ടും എന്ത് കൊണ്ടാണ് സൌമ്യയുടെ കൊലപാതകം പോലെയുള്ള കാര്യങ്ങള്‍ നമ്മുടെ നാട്ടില്‍ സംഭവിക്കുന്നത്‌??  ആ ട്രെയിനിലുള്ള ആരെങ്കിലും അന്ന് പ്രതികരിച്ചിരുന്നെങ്കില്‍ ആ പാവം ഇന്നും ജീവനോടെ കാണുമായിരുന്നു.

സദാചാര പോലീസ് ചമയുന്നവര്‍ കപട സാദാചാരവാദികളാണ് . എനിക്കില്ലാത്തത് നിങ്ങള്‍ക്കും വേണ്ട എന്ന മനോഭാവമാണ് ഇന്നുള്ളത്. അത് കൊണ്ടാണ് ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും കുറെ നേരം സംസാരിച്ചിരുന്നാലും ഒരുമിച്ചു നടന്നാലും ഇത്തരം സദാചാര പോലീസുകാര്‍ ഇടപെടുന്നത്.
പക്ഷെ പൊതു നിരത്തില്‍ ഒരു സ്ത്രീയെ ഉപദ്രവിക്കുമ്പോള്‍ എല്ലാവരും കാഴ്ച്ചക്കാരാവുന്നു. ചിലര്‍ ഈ രംഗം മൊബൈലില്‍ പകര്‍ത്തും. അതല്ലാതെ അവരെ സഹായിക്കുവാനോ അവര്‍ക്കൊപ്പം നില്‍ക്കുവാണോ ആരും തയ്യാറാവുകയില്ല.

ഇന്ന് സ്വന്തം ഭാര്യയോടൊപ്പമോ അമ്മയോടോപ്പമോ സഹോദരിയോടോപ്പമോ സഞ്ചരിക്കുമ്പോള്‍ ഏതു സമയത്താണ് സദാചാര പോലീസുകാര്‍ ചാടി വീഴുന്നത് എന്ന ഭയത്തോടെയാണ് ഓരോരുത്തരും കേരളത്തില്‍ സഞ്ചരിക്കുന്നത്. രാത്രിയായാല്‍ പറയുകയും വേണ്ട.

ഭാര്യയോടൊപ്പം സഞ്ചരിക്കുന്നവര്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് , കല്യാണ ഫോട്ടോ തുടങ്ങിയവ മറക്കാതെ കൈവശം വയ്ക്കണം.( വച്ചിട്ടും കാര്യമൊന്നും ഇല്ല. സദാചാര പോലീസുകാരുടെ ഉദ്ദേശം വേറെ ആണല്ലോ.)
ഇന്ന് സദാചാര പോലീസുകാര്‍ ഗുണ്ടാസംഘം പോലെ ആണ്. നമ്മുടെ നാട്ടില്‍ ഇക്കൂട്ടരെ ഒരിക്കലും വളരാന്‍ അനുവദിക്കരുത്. അപകടത്തില്‍ പരുക്കേറ്റു വഴിയില്‍ കിടക്കുന്നവരെ തിരിഞ്ഞു നോക്കാതെ പോകുന്നവര്‍ക്ക് അന്യന്റെ ജീവിതത്തിലേക്ക് ഇടിച്ചു കയറുവാന്‍ എന്തവകാശം?

ഇതിനെതിരെ ജനങ്ങള്‍ സംഘടിക്കണം.അല്ലെങ്കില്‍ ഒരു കൂട്ടം സാമൂഹിക വിരുദ്ധര്‍ നിയമം കയ്യിലെടുത്തു തുടങ്ങും. അപമാനിതരാകുന്നവരുടെ എണ്ണം കൂടും.

=================================================================

കുറച്ചു സദാചാര പോലീസുകാരുടെ  ക്രൂര വിനോദങ്ങളുടെ വീഡിയോകള്‍ 
 കോഴിക്കോട് കൊയിലാണ്ടിയില്‍ യുവാവ് വനൊടുക്കിയത് സദാചാര പോലീസ് ചമഞ്ഞ നാട്ടുകാരുടെ മര്‍ദ്ദനത്തെ തുടര്‍നെന്ന് വ്യക്തമാകുന്നു. യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴി പുറത്തുവജീന്നതോടെയാണ് സദാചാര സേനനടത്തിയ ഭീകരത പുറം ലോകം അറിഞ്ഞത്.പരപ്പനങ്ങാടിയിലും സദാചാരപോലീസിന്റെ വിളയാട്ടം. മദ്യഷാപ്പില്‍ ക്യൂനിന്നുവെന്നാരോപിച്ച് ഭാര്യയെയും ഭര്‍ത്താവിനെയും ക്രൂരമായി മര്‍ദ്ദിച്ചു.