Thursday 1 September 2011

മുതലെടുപ്പിന്റെ ഉത്സവം - ഓണം


ഇത് ചിങ്ങമാസം ലോകമെമ്പാടുമുള്ള മലയാളികള്‍ മലയാളിത്വത്തിന്റെ തനിമയോടെ നെഞ്ചോട്‌ ചേര്‍ത്ത് നിര്‍ത്തുന്ന ചുരുക്കം ചില ആഘോഷങ്ങളില്‍ ഒന്ന്. പൂവേ പൊലി പൂവേ പൊലി പാടിക്കൊണ്ട് ഓണം വീണ്ടും വരുന്നു. കുന്നിന്‍ ചെരുവുകളില്‍ പൂ പറിക്കാന്‍ പോയ പിള്ളേരുടെ പാട്ടില്‍ പഴങ്കതയ്ക്ക്  ചിനലുകള്‍ പൊട്ടുന്നു.

തൃക്കാക്കര മുറ്റത്തൊരു
തുമ്പ മുളച്ചേ
തുംബക്കുടത്തില്‍ ഒരാല് മുളച്ചേ
ആളിന്റെ കൊമ്ബതൊരു
തോണി ചമാച്ചേ...
ഉണ്ണിക്കു കൊട്ടാനും പാടാനും
തുടിയും തുടിക്കോലും 
പറയും പറക്കോലും
 പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ....!
     
           ഓണം മലയാളിക്ക് ഓര്‍മ്മകളുടെ ഉത്സവമാണ് . ആ പഴയ  ഓണപ്പാട്ടില്‍ പറയും പോലെ മാനുഷ്യരെല്ലാരും  ഒന്ന് പോലെ ആമോദത്തോടെ വസിച്ച ഒരു കാലത്തിന്റെ ഓര്‍മ്മ പുതുക്കല്‍ .

               പൂവിളികള്‍ ഉയരുന്നു. പൂമ്പാറ്റകള്‍  പാറുന്നു. പൂക്കളങ്ങള്‍ ഒരുങ്ങുന്നു. മാവേലി മന്നനെ സ്വീകരിക്കുവാന്‍ നാടും നഗരവും തയ്യാറെടുപ്പുകളുമായി  നെട്ടോട്ടത്തിലാണ്. പുത്തനുടുപ്പിന്റെ പകിട്ടും, തൂശനിലയിലെ സ്വാദൂറും വിഭവങ്ങളും. ഊഞ്ഞാലില്‍ നിന്നും വീണ ചെറിയ വേദനകളും ഒക്കെയായി ഗൃഹാതുരത്വമുണര്‍ത്തുന്ന മധുര സ്വപ്‌നങ്ങള്‍ അയവിറക്കുവാന്‍ മലയാളിക്ക് മുമ്പില്‍ ഒരു ഓണക്കാലം കൂടി കടന്നു വന്നിരിക്കുന്നു.

                കാര്‍ഷിക കേരളം ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായിട്ടും വിളവെടുപ്പിന്റെ മാസവുമായിട്ടാണ് ചിങ്ങ മാസത്തെ കണ്ടിരുന്നത്‌. എന്നാല്‍ ഇപ്പോള്‍ ചിങ്ങമാസം വിളവെടുപ്പിന്റെതല്ല. മറിച്ചു മുതലെടുപ്പിന്റെ ഉത്സവമായി മാറിക്കൊണ്ടിരിക്കുകയാണ്. വസ്ത്രശാലകളും ഗൃഹോപകരണ ശാലകളും എന്തിനു വഴിയരികിലുള്ള ഉപ്പെരിക്കടകള്‍ പോലും ആകര്‍ഷകമായ സൌജന്യങ്ങള്‍  പ്രഖ്യാപിച്ചു മനുഷ്യന്റെ വൈകാരികതയെ ചൂഷണം ചെയ്തു മുതലെടുപ്പ് തന്ത്രങ്ങള്‍ പയറ്റി  തുടങ്ങുന്ന കാലം.

  ഊഞ്ഞാലാടുവാനും പൂക്കളം തീര്‍ക്കുവാനും പൂവിറക്കുവാനും മുന്നിട്ടു നിന്നിരുന്ന കുഞ്ഞുങ്ങള്‍ കമ്പ്യുട്ടറും മൊബൈല്‍ ഫോണും  ഗെയ്മുകളും   മറ്റും വന്നതോടെ ശരീരത്തില്‍ മണ്ണ് പറ്റുന്ന പലതും ഉപേക്ഷിച്ചു കഴിഞ്ഞു.നല്ല അയല്‍ ബന്ധങ്ങള്‍ പോലും നമുക്ക് അന്യമായിരിക്കുന്നു.
ടെലിവിഷന്‍ ചാനലുകള്‍ പറയുന്നത് ഈ ഓണക്കാലം ഞങ്ങളോടൊപ്പം.. ഒരുപാട് ദ്രിശ്യവിസ്മയങ്ങള്‍ ഒരുക്കി അവര്‍ പ്രേക്ഷകരെ 24 മണിക്കൂറും ടെലിവിഷന് മുന്നില്‍ പിടിച്ചിരുത്തുന്നു. 

പ്രശസ്തമായ ഒരു നാടന്‍ ചൊല്ല് ഉണ്ട്.

"നെല്ല് കോയ്യട കോര
എനിക്ക് വയ്യന്റമ്മേ

നെല്ല് കുത്തട കോര
എനിക്ക് വയ്യന്റമ്മേ

കഞ്ഞി കുടിക്കെടാ കോര
അങ്ങനെ പറയെന്റമ്മേ"

കേരളത്തില്‍ കോരന്മാരുടെ എണ്ണം വര്‍ധിക്കുകയാണ്.


  കേരളത്തില്‍ ഇപ്പോള്‍ പൂക്കളില്ല.പൂക്കളങ്ങള്‍ ഇപ്പോള്‍ ചായം തേച്ച മരപ്പൊടിയും ഉപ്പും കൊണ്ടാണ്. പൂക്കളങ്ങള്‍ അപൂര്‍വ്വം.
നമ്മുടെ മനസ്സ് പോലെ നന്മയുടെ ഭൂമിയും തരിശാവുകയാണോ?
പൂക്കള്‍ വരുന്നത് തമിഴ്നാട്ടില്‍ നിന്നും ആണ്. അതിനു പൊന്നിന്റെ വില.

ആരും വീടുകളില്‍ സദ്യയോ പായസമോ ഉണ്ടാക്കാറില്ല എല്ലാം റെഡിമെയ്ഡ്  ആയി ലഭിക്കും.ഒരു സദ്യ പോലും ഉണ്ടാക്കാന്‍ മേല ഇന്നത്തെ മലയാളിക്ക്.

ഓണം ഇപ്പോള്‍ ചന്തയില്‍ വില്പനയ്ക്ക് വച്ചിരിക്കുകയാണ്.

   എന്നാലും ഓണമുണ്ട്. അത് മലയാളിയുടെ പൈത്രുകവുമായി കേട്ട് പിണഞ്ഞു കിടക്കുന്ന ഒരു  ഗൃഹാതുരതയാണ്. മറ്റുള്ള ആഘോഷങ്ങള്‍ പോലെയല്ല, ഓണം എല്ലാവരുടെയും ഉത്സവമാണ് അതിനു മതവും ജാതിയുമില്ല. അത് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും ഉത്സവമാണ്.

            ചിങ്ങമാസം നമ്മുടെ കലാലയങ്ങള്‍ മലയാളിത്വമുള്ള യുവത്വങ്ങളെ കൊണ്ട് നിറയുന്ന കാലമാണ്. തനി കേരളീയ വേഷത്തില്‍ പരിഷ്കാരത്തിന്റെയും പാശ്ചാത്യ ഭ്രമത്തിന്റെയും വേഷം കെട്ടലുകളില്ലാതെ കേരള യുവത്വത്തിന്റെ ശ്രീത്വം ആസ്വദിക്കണമെങ്കില്‍ ഓണം വരണമെന്നായിരിക്കുന്നു. കുട്ടിയെ നോക്കാതെ പട്ടിയെ നോക്കുന്ന വീട്ടമ്മമാര്‍ക്ക് നമ്മുടെ പൈതൃകങ്ങളിലേക്ക്  മടങ്ങി വരണമെന്ന ശക്തമായ  ആഹ്വാനമാണ്   നമ്മുടെ  കലാലയങ്ങളിലെ യവ്വനക്കാരിലൂടെ ഓണക്കാലം മലയാളിക്ക് പകര്‍ന്നു നല്‍കുന്ന സന്ദേശം.


 പണ്ട് കേട്ട് മറന്ന ഓണപ്പാട്ടിന്റെ കൂടെ ചേര്‍ന്ന് പാടാന്‍ തോന്നുന്നു....

 പൂവേ പൊലി പൂവേ പൊലി 
  പൂവേ പൊലി പൂവേ.....  
തൃക്കാക്കര മുറ്റത്തൊരു
തുമ്പ മുളച്ചേ...!

എല്ലാവര്‍ക്കും വേട്ടക്കാരന്റെ ഓണാശംസകള്‍

3 comments:

  1. പൂക്കളവും പൂവിളിയുമായി വീണ്ടുമൊരു ഓണക്കാലം കൂടി... മലയാളിയുടെ ജീവിതരീതികള്‍ ഒരുപാടു മാറിപ്പോയി എങ്കിലും ഓണഘോഷത്തിനു ഈ ആധുനിക കാലത്തിലും വലിയ മാറ്റമൊന്നും വന്നിട്ടില്ല എന്നത് ഏറെ ആശ്വാസജനകമാണ് ... പിന്നെ പൂവിനും പച്ചക്കറിക്കും അയല്‍ സംസ്ഥാനത്തെ അശ്രയിക്കേണ്ടി വരുന്നു എന്നുമാത്രം, അത് പിന്നെ എപ്പോഴും അങ്ങനെ ആണല്ലോ... luttumon.blogspot.com

    ReplyDelete
  2. da..nice work.. keep it coming

    ReplyDelete