Monday 26 September 2011

ദൈവം പടിയിറങ്ങിപ്പോകുന്ന സഭകള്‍

ഒരി­ട­വേ­ള­യ്ക്ക് ശേ­ഷം ഓര്‍­ത്ത­ഡോ­ക്‌­സ്-യാ­ക്കോ­ബായ വി­ഭാ­ഗ­ങ്ങള്‍ തമ്മില്‍ പള്ളി­യെ­ച്ചൊ­ല്ലി വീ­ണ്ടും സം­ഘര്‍­ഷം ഉണ്ടായിരിക്കുകയാണ്. മലങ്കര സഭയില്‍  വളരെക്കാലമായി കേസും വഴക്കുകളും നടക്കുന്നു. ഒന്നുമറിയാത്ത പാവം ജനങ്ങളെപ്പോലും ബുദ്ധിമുട്ടിച്ചുകൊണ്ട് ഇരുപക്ഷത്തെയും വൈദികര്‍ ഉള്‍പ്പെടെയുള്ളവര്‍ പള്ളി മുറ്റത്ത്‌ നിന്നും പബ്ലിക് റോഡുകളില്‍ വരെ സമരവുമായി ഇറങ്ങിയിരിക്കുന്നു.

 

ഓര്‍­ത്ത­ഡോ­ക്‌­സ്-യാ­ക്കോ­ബായ സഭകളും അവര്‍ തമ്മിലുള്ള പ്രശ്നങ്ങളെയും കുറിച്ച് ചെറിയ ഒരു വിവരണം.

മലങ്കര ഓര്‍ത്തഡോക്‍സ്‌ സിറിയന്‍ സഭ 

 ഓർത്തഡോക്സ്‌ പൌരസ്ത്യ സഭ എന്നത്‌ ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ ഒരു സ്വയശീർഷക സഭാവിഭാഗവും ഓറിയന്റൽ ഓർത്തഡോക്സ് സഭയിലെ ഒരു അംഗസഭയുമാണ്. 

 റോമാ സാമ്രാജ്യത്തിന് പുറത്തു് ഉറഹായിലും പേർഷ്യയിലും മലങ്കരയിലുമായിവികസിച്ച ക്രൈസ്തവസഭയാണിത്. 

ക്രിസ്തു ശിഷ്യനും പന്തിരുവരിൽ ഒരുവനുമായ തോമാശ്ലീഹായെ തങ്ങളുടെ ഒന്നാമത്തെ മേലദ്ധ്യക്ഷനായി സ്വീകരിയ്ക്കുന്ന വിഭാഗമാണ് ഓർത്തഡോക്സ്‌ പൌരസ്ത്യ സഭ. 

ക്രിസ്തുവര്‍ഷം അന്‍പത്തിരണ്ടാമാണ്ട് തോമാശ്ലീഹ കൊടുങ്ങല്ലൂര്‍ തുറമുഖത്തു കപ്പല്‍മാര്‍ഗ്ഗം വന്നിറങ്ങി.കേരളത്തില്‍ സുവിശേഷം പ്രസംഗിച്ചു. അനേകം ആള്‍ക്കാര്‍ ജ്ഞാനസ്നാനം ഏറ്റു സത്യക്രിസ്ത്യാനികളായി.മലയാങ്കര, പാലൂര്‍, പരവൂര്‍(കോട്ടക്കായല്‍ ) ഘോക്കമംഗലം,നിരണം, ചായല്‍ , കുരക്കേണിക്കൊല്ലം(കൊല്ലം) എന്നീ സ്ഥലങ്ങളില്‍ പള്ളികള്‍ സ്ഥാപിക്കുകയും

പകലോമറ്റം, ശങ്കരപുരി, കള്ളി, കാളിയാങ്കല്‍ എന്നീ നാല് ബ്രാഹ്മണ കുടുംബങ്ങള്‍ ക്രിസ്തുവില്‍ വിശ്വസിച്ചു ജ്ഞാനസ്നാനം ഏറ്റു ഈ കുടുംബങ്ങളില്‍  പട്ടം(വൈദികസ്ഥാനം) കൊടുത്തു .

ഏക വലിയ മെത്രാപ്പോലീത്തൻ ഭദ്രാസന ഇടവകയായ മലങ്കര സഭയുടെ മുപ്പത് മെത്രാപ്പോലീത്തൻ ഭദ്രാസന ഇടവകകളിലായി ഇരുപത്തിയഞ്ചു് ലക്ഷം അംഗങ്ങൾ.

 

സഭാ സ്ഥാപകൻ തോമാ ശ്ലീഹാ
പരമ മേലദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ്‌ മാർത്തോമാ പൗലോസ് ദ്വിതീയൻ.
പരമാചാര്യന്റെ സ്ഥാനിക നാമം പൌരസ്ത്യ കാതോലിക്കോസ്
സഭാകുടംബം പ്രാചീന ഓർത്തഡോക്സ് സഭ
ആസ്ഥാനം ദേവലോകം (കോട്ടയത്തിന് സമീപം)
വലിയ മെത്രാപ്പോലീത്തൻ ഭദ്രാസന ഇടവകകൾ മലങ്കര സഭ 
വലിയ മെത്രാപ്പോലീത്തയുടെ സ്ഥാനിക നാമം മലങ്കര മെത്രാപ്പോലീത്ത
മെത്രാപ്പോലീത്തൻ ഭദ്രാസന ഇടവകകൾ 30 എണ്ണം
ആരാധനാ ഭാഷ പാശ്ചാത്യ സുറിയാനി, മലയാളം,ഇംഗ്ലീഷ്
അംഗസംഖ്യ ഇരുപത്തിയഞ്ചു ലക്ഷം

 

യാക്കോബായ  സിറിയന്‍  ഓര്‍ത്തഡോക്‍സ്‌  സഭ  

സുറിയാനി ഓർത്തഡോക്സ്‌ സഭ അല്ലെങ്കിൽ യാക്കോബായ സഭ എന്നത്‌ ഓറിയന്റൽ ഓർത്തഡോക്സ് സഭയിലെ ഒരു സ്വയശീർഷക സഭയാണ്‌. 

 അന്ത്യോഖ്യാ സുറിയാനി ഓർത്തഡോക്സ്‌ സഭ, ക്രി.വ. മുപ്പത്തിനാലിൽ ശ്ലീഹന്മാരുടെ തലവനായ പത്രോസ്‌ സ്ഥാപിച്ചു.കേരളത്തിലുൾപ്പടെ ലോകമെമ്പാടും അനുയായികളുള്ള ഈ സഭയുടെ ആസ്ഥാനം ഇപ്പോൾ സിറിയയിലെ ദമസ്ക്കോസിലാണ്‌.

ക്രിസ്തു സംസാരിച്ച ഭാഷയായ അരമായഭാഷയുടെ പ്രാദേശിക ഭാഷാരൂപമായ പാശ്ചാത്യ സുറിയാനിയാണ്‌ ഈ സഭയുടെ ഔദ്യോഗിക ഭാഷ. 

സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ കുർബാന ഈ ഭാഷയിൽത്തന്നെയാണ്‌ നിർവഹിക്കപ്പെടുന്നത്‌. എന്നാൽ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ (കേരളം) ആരാധനാഭാഷ സുറിയാനി കലർന്ന മലയാളമാണ്‌

ഈ സഭാംഗങ്ങളെ പലപ്പോഴും യാക്കോബായക്കാർ എന്നു വിളിക്കാറുണ്ട്‌. എന്നാൽ ഈ പേര്‌ തെറ്റിദ്ധാരണ ഉളവാക്കുന്നു എന്ന് മാത്രമല്ല ഈ പേര്‌ പല സഭാംഗങ്ങളും അംഗീകരിക്കുന്നുമില്ല.

 

സ്ഥാപകൻ പത്രോസ് ശ്ലീഹാ
ഔദ്യോഗിക ഭാഷ പാശ്ചാത്യ സുറിയാനി
വിഭാഗം ഓറിയന്റൽ ഓർത്തഡോക്സ് സഭ
ആസ്ഥാനം ദമാസ്കസ്
തലവന്റെ സ്ഥാനപ്പേര് അന്ത്യോഖ്യായുടേയും കിഴക്കൊക്കെയുടേയും പാത്രിയർക്കീസ്
അദ്യത്തെ പാത്രിയാർക്കീസ് പത്രോസ് ശ്ലീഹാ
പ്രാദേശിക കാതോലിക്ക ശ്രേഷ്ഠ കാതോലിക്ക മോർ ബസേലിയസ് തോമസ് പ്രഥമൻ ബാവ
അംഗസംഖ്യ  പന്ത്രണ്ടു ലക്ഷം

 

 പ്രതിസന്ധി

അന്ത്യോഖ്യാ സിംഹാസനത്തില്‍ വാണിരുന്ന പത്രോസ് പാത്രിയാര്‍ക്കീസ് ബാവ 1876  ല്‍ കേരളത്തിലെത്തി .ആദ്യമായിട്ടായിരുന്നു  ഒരു പാത്രിയാര്‍ക്കീസ് ബാവ കേരളം സന്ദര്‍ശിക്കുന്നത് .അദ്ദേഹം മുളന്തുരുത്തിയില്‍ ഒരു യോഗം വിളിച്ചു കൂട്ടുകയും മലങ്കരസഭ ക്രമീകരണത്തിന് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനും മാനേജിംഗ് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. അന്ന് വരെ മലങ്കര സഭ ഭരിച്ചിരുന്നത് ഒരു മെത്രോപ്പൊലീത്ത ആയിരുന്നു. അദ്ദേഹം മലങ്കര മെത്രാപ്പോലീത്ത എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.

പത്രോസ് പാത്രിയാര്‍ക്കീസ് ബാവ മലങ്കരസഭയെ ഏഴു ഭദ്രാസനങ്ങളായി തിരിക്കുകയും അവയ്ക്ക്  പ്രത്യേകം മെത്രോപ്പൊലീത്തമാരെ വാഴിക്കുകയും, മലങ്കര മെത്രോപ്പൊലീത്തയുടെ കീഴില്‍ ഭരണം നടത്തുന്നതിന്  അവരെ അധികാരപ്പെടുത്തുകയും ചെയ്തു. അതിനു ശേഷം പത്രോസ് പാത്രിയാര്‍ക്കീസ് ബാവ സ്വദേശത്തേക്ക്  മടങ്ങുകയും 1895 ല്‍ കാലം ചെയ്യുകയും ചെയ്തു.

അതേത്തുടര്‍ന്ന് പാത്രിയാര്‍ക്കാ സ്ഥാനത്തേക്ക് രണ്ടു പേര്‍ മത്സരിച്ചു ; അബ്ദുല്‍ മിശിഹായും അബ്ദുള്ളയും 

ഒരു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അബ്ദുള്‍ മിശിഹ ജയിക്കുകയും അദേഹത്തെ പാത്രിയാര്‍ക്കീസ് ആയി തിരഞ്ഞെടുക്കുകയും ചെയ്തു.

എന്നാല്‍ പത്തു വര്‍ഷങ്ങള്‍ക്കു ശേഷം പരാജിതനായ അബ്ദുള്ള, ഒരു പാത്രിയാര്‍ക്കീസ് സിംഹാസനത്തില്‍ വാഴുമ്പോള്‍ ആ സിംഹാസനതിലേക്ക് മറ്റൊരാള്‍ വാഴിക്കപ്പെടാന്‍ പാടില്ല എന്ന നിയമവും കീഴ്‌വഴക്കവും ലംഘിച്ചു, തുര്‍ക്കി സുല്‍ത്താനെ സ്വാധീനിച്ചു. അബ്ദുല്‍ മിശിഹായുടെ സ്ഥാനം പിന്‍വലിക്കുകയും അത് അബ്ദുള്ളക്ക് ലഭ്യമാക്കുകയും ചെയ്തു.

അബ്ദുള്ള പാത്രിയര്‍ക്കീസ് ബാവ 1909  ല്‍  മലങ്കരയില്‍ (കേരളത്തില്‍ ) വന്നു അന്നുള്ള മലങ്കരമെത്രപ്പോലീത്ത വട്ടശേരില്‍മാര്‍ ദീവന്ന്യാസിയോസ് ആയിരുന്നു.പാത്രിയാര്‍ക്കീസും മെത്രപ്പോലീത്തയും അഭിപ്രായവ്യത്യാസമുണ്ടായി. അബ്ദുള്ള ബാവ മലങ്കര സഭയില്‍ ലൌകികമായ അധികാരാവകാശങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും സഭ സ്വത്തുക്കള്‍ അദ്ദേഹത്തിന് എഴുതിക്കൊടുക്കണമെന്ന്  ആവശ്യപ്പെടുന്നുവെന്നുമായിരുന്നു വട്ടശ്ശേരില്‍ മെത്രപ്പോലീത്തയും അനുയായികളും പാത്രിയാര്‍ക്കീസിന്  എതിരായി ഉന്നയിച്ച ആരോപണം.

പാത്രിയര്‍ക്കീസ്, വട്ടശേരില്‍ മാര്‍ ദീവന്ന്യാസിയോസിനെ  മുടക്കി. അതിനു ശേഷം ആലുവയില്‍ തന്നെ അനുകൂലിക്കുന്നവരുടെ  ഒരു യോഗം ചേരുകയും  മാര്‍ കൂറിലോസ്സിനെ ബദല്‍ മലങ്കര മെത്രപ്പോലീത്തയായി തെരഞ്ഞെടുത്തു നിയമിച്ചു. രണ്ടു വര്‍ഷം കഴിഞ്ഞു 1911 ല്‍ അദ്ദേഹം സ്വദേശത്തേക്ക്  മടങ്ങിപ്പോയി.

അബ്ദുള്‍ മിശിഹ ആകട്ടെ അബ്ദുള്ളയുടെ മുടക്ക് അസാധുവാണെന്നും താന്‍ തന്നെയാണ് പാത്രിയര്‍ക്കീസ് എന്നും കാണിച്ചു വട്ടശേരില്‍മാര്‍ ദീവന്ന്യാസിയോസിനു സന്ദേശം അയയ്ക്കുകയും പ്രസ്തുത മുടക്കിന് യാതൊരു വിലയും കല്പ്പിക്കെണ്ടാതില്ലെന്നും കാണിച്ചു കല്‍പ്പന ഇറക്കുകയും ചെയ്തു. 

അങ്ങനെ ഒരേ സമയം രണ്ടു പാത്രിയര്‍ക്കീസുമാരും , അവരുടെതായ രണ്ടു മലങ്കര മെത്രപ്പോലീത്തമാരും. ഇരുവരും മലങ്കരസഭയുടെ ഭരണാവകാശം ഉന്നയിച്ചു കൊണ്ട് രംഗത്തെത്തി.

1912 ല്‍ അബ്ദുള്‍ മിശിഹ പാത്രിയാര്‍ക്കീസ്  കേരളത്തിലെത്തി. മാര്‍ ഈവാനിയോസിനെ കാതോലിക്കയായി വാഴിച്ചു.

ഇതിനെ തുടര്‍ന്ന്

അബ്ദുള്‍ മിശിഹ കല്പ്പനയിറക്കി. അതില്‍ പ്രധാനമായും 5  കാര്യങ്ങളാണ് പറയുന്നത്.

1) മലങ്കര സഭയില്‍ സ്വാതന്ത്ര്യവും സമാധാനവും നിലനില്‍ക്കുന്നതിന് കാതോലികേറ്റ് പുനസ്ഥാപിക്കേണ്ടത് എത്രയും ആവശ്യമാണെന്ന്  ബോധ്യപ്പെട്ടിരിക്കുന്നു.

2)മാര്‍ തോമാശ്ലീഹായുടെ സിംഹാസനതിലേക്ക് അദ്ദേഹത്തിന്റെ പിന്‍ഘാമിയായിട്ടാണ്  കാതോലിക്ക വാഴിക്കപ്പെട്ടിരിക്കുന്നത്.

3) മെത്രപ്പോലീത്തമാരെ  വാഴിക്കാനും മറ്റുമുള്ള അവകാശം കാതോലിക്കായ്ക്ക് ഉണ്ടായിരിക്കും. മേലില്‍ ആയതിനു പാത്രിയാര്‍ക്കീസിനെ ആശ്രയിക്കേണ്ടതില്ല.

4) ഒരു കാതോലിക്ക ധിവംഗതനാകുമ്പോള്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി  മറ്റൊരാളെ വാഴിക്കുവാന്‍ മലങ്കര സഭ സുന്നഹദോസിനു അധികാരമുണ്ടായിരിക്കും.അതില്‍ നിന്നും അവരെ വിരോധിപ്പാന്‍ ആര്‍ക്കും അധികാരമില്ല.

5) അന്തോഖ്യാ സിംഹാസനവുമായുള്ള സ്നേഹബന്ധം മേലിലും അഭംഗുരമായി നിലനിര്‍ത്തണം 

 അബ്ദുല്‍ മിശിഹായും അബ്ദുള്ളയും 1915 ല്‍ കാലം ചെയ്തു.

വട്ടശേരില്‍മാര്‍ ദീവന്ന്യാസിയോസും കൂട്ടരും അബ്ദുള്‍ മിശിഹ കൊടുത്ത കാതോലിക്കേറ്റിനെ അംഗീകരിച്ചു അതിനു കീഴില്‍ നിന്നു.അവര്‍ കാതോലിക്കാ കക്ഷി എന്നറിയപ്പെടാന്‍ തുടങ്ങി.

അബ്ദുള്‍ മിശിഹായെ പാത്രിയാര്‍ക്കീസായി അംഗീകരിക്കാതെ, അബ്ദുള്ളയെ അംഗീകരിച്ചും പിന്താങ്ങിയും നിന്ന മാര്‍ കൂറിലോസും കൂട്ടരും പാത്രിയര്‍ക്കീസ് കക്ഷി എന്നും അറിയപ്പെടാന്‍ തുടങ്ങി...

അതിനു ശേഷം മലങ്കരസഭയുടെ ഭരണാധികാരത്തിനും മറ്റുമായി


പാത്രിയര്‍ക്കീസ് പക്ഷവും കാതോലിക്കാ പക്ഷവും  കേസുകളും വഴക്കുകളുമായി മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു.

അവസാനം 43 വര്‍ഷത്തെ നിയമയുദ്ധത്തിന് ശേഷം 1958  സെപ്തംബര്‍ 12 നു ഇന്ത്യയുടെ പരമോന്നത നീതിന്യായ കോടതിയില്‍ നിന്നും കാതോലിക്കാ കക്ഷിക്ക് അനുകൂലമായി അന്തിമവിധി പ്രഖ്യാപിക്കപ്പെട്ടു. 



 അതിനു ശേഷം ഓര്‍­ത്ത­ഡോ­ക്‌­സ്-യാ­ക്കോ­ബായ വിഭാഗങ്ങള്‍ തമ്മില്‍ യോജിച്ചെങ്കിലും  1974 ല്‍ വീണ്ടും പിരിഞ്ഞു.

അബ്ദുല്‍ മിശിഹായുടെയും  അബ്ദുല്ലായുടെയും മരണത്തോടെ അന്ത്യോഖ്യന്‍ സഭകളില്‍ ഉണ്ടായിരുന്ന ഭിന്നത അവസാനിച്ചെങ്കിലും.മലങ്കര സഭയില്‍ അതെ തുടര്‍ന്നുള്ള തര്‍ക്കം ഇപ്പോഴും വളരെ ശക്തമായി തുടര്‍ന്ന് കൊണ്ടിരിക്കുന്നു...

+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++

 ഇവര്‍ ക്രിസ്തുവിന്റെ അനുയായികളോ സാത്താന്റെ  അനുയായികളോ?

 ഒരു കരണത്തിന് അടിച്ചവനു മറു കരണവും കാണിച്ചു കൊടുക്കാന്‍ പറഞ്ഞ ക്രിസ്തുവിന്റെ അനുയായികള്‍ മറുപക്ഷക്കാരന്റെ കരണത്തിന് അടിക്കാന്‍ ചെല്ലുന്ന അവസ്ഥ വരെ എത്തിയിരിക്കുന്നു കാര്യങ്ങള്‍ . 

തെറ്റും ശരിയും പറഞ്ഞു വിശ്വാസികളെ ബോധവാന്മാര്‍ ആക്കേണ്ട അച്ചന്മാര്‍ ളോഹയും  കയറ്റിയുടുത്തു. അടിയെടാ അവനെ എന്നും പറഞ്ഞു മുമ്പില്‍ നില്‍ക്കുന്നു.

ഇത് കണ്ടു വളരുന്ന കുട്ടികളുടെ മനോഭാവം എന്തായിരിക്കും? 

"മോനെ ആരെയും ഉപദ്രവിക്കരുത്. മറ്റുള്ളവര്‍ നമ്മുടെ സഹോദരന്മാര്‍ ആണ് "എന്ന് എങ്ങനെ ആത്മാര്‍ഥതയോടെ പറയാന്‍ സാധിക്കും?

ഇങ്ങനെ പോയാല്‍ ഉപദേശിക്കാന്‍ വരുന്ന വൈദികരോട് "പോടാ പുല്ലേ" എന്ന് കുട്ടികള്‍ പറയുന്ന കാലം വളരെ അകലയല്ല.

വിശ്വാസികള്‍ റോഡിലിറങ്ങി എന്തൊക്കെ കാണിച്ചാലും അവരെ കുറ്റം പറയാന്‍ സാധിക്കില്ല.. കാരണം അവര്‍ സാധാരണ മനുഷ്യരും, വിശ്വസിക്കുന്ന സഭയ്ക്ക് വേണ്ടി ജീവന്‍ കളയാന്‍ പോലും തയ്യാറായി നില്‍ക്കുന്നവരുമാണ് . അവരെ പറഞ്ഞു നേര്‍വഴിക്കു കൊണ്ടുവരേണ്ട ചുമതല തീര്‍ച്ചയായും സഭാ നേത്രുത്വത്തിനാണ്. അവര്‍ അതിനു ശ്രമിക്കാതെ സ്വത്തിനു വേണ്ടി അടിപിടി കൂടുന്ന കാഴ്ച വളരെ പരിതാപകരമാണ്.

സഭകളില്‍ സമാധാനം വരണമെന്നാഗ്രഹിക്കുന്ന അനേകം വിശ്വാസികളും വൈദികരുമുണ്ട് . ഒരേ കുടുംബത്തില്‍ തന്നെ ഇരു സഭകളിലും ഉള്ള ധാരാളം ആള്‍ക്കാര്‍ ഉണ്ട്. സഭയിലെ പ്രശ്നങ്ങള്‍ കുടുംബങ്ങളിലേക്ക്‌ വരെ എത്തിക്കഴിഞ്ഞു. 

മതമേലധ്യക്ഷന്മാര്‍ കോടതിയെ പോലും വെല്ലുവിളിക്കുന്ന കാഴ്ച വളരെ ദയനീയമാണ്. 

  അധികാരത്തിനും സ്വത്തിനും വേണ്ടി സഭാ നേതാക്കള്‍ കാണിക്കുന്ന കോപ്രായങ്ങള്‍ കാണുമ്പോള്‍ ഒരു ക്രിസ്ത്യാനി എന്ന നിലയില്‍ എനിക്ക് ലജ്ജ തോന്നുന്നു. 

നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക എന്ന് പറഞ്ഞ യേശുക്രിസ്തുവിന്റെ വാക്കിനു ഇവര്‍ എന്ത് വിലയാണ് കാണിക്കുന്നത്?

ഇതൊന്നും പറയാന്‍ ഞാന്‍ അത്ര വലിയ പുണ്യവാളന്‍ ഒന്നും അല്ല.. പക്ഷെ പുണ്യവാളന്മാരുടെ പാതയിലൂടെ സഞ്ചരിക്കാനും വിശ്വാസികളെ നേര്‍വഴി കാണിക്കുവാനും കടപ്പെട്ടവര്‍ വെറും ചന്തപ്പിള്ളാരെ പോലെ കാണിക്കുന്ന വൃത്തികേടുകള്‍ കാണുമ്പോള്‍ പറയാതിരിക്കാന്‍ സാധിക്കുന്നില്ല.

 "കര്‍ത്താവെ ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ല.ഇവരോട് പൊറുക്കേണമേ"


13 comments:

  1. odichu vaayichu...
    Veendum vannu detail aayi vayikkaam.
    anyway kudos for sparng time fot this..

    ReplyDelete
  2. അച്ചടക്ക നടപടി എടുക്കേണ്ടി വരുമോ ??

    ReplyDelete
  3. എന്ത് പറയാനാ "കര്‍ത്താവെ ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ല.ഇവരോട് പൊറുക്കേണമേ" അത്ര തന്നെ...

    ReplyDelete
  4. http://mangalam.com/index.php?page=detail&nid=482633&lang=malayalam

    ReplyDelete
  5. മതം ഗുണം പഠിപ്പിക്കുന്നതാണ് അവയില്‍ പാരുഷമുണ്ടാക്കരിത്,

    ReplyDelete
  6. ബന്യാമിന്റെ നോവൽ’‘അക്കപോരിന്റെ ഇരുപതു വർഷങ്ങൾ’ വായിക്കുക.

    ReplyDelete
  7. കര്‍ത്താവെ ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നു. യാതൊരു കാരണവശാലും ഇവരോട് ക്ഷമിക്കരുത്

    ReplyDelete
  8. Blaming from outside is easy. Anybody can criticize. Why couldn't you come to the administrative level of our church. Why couldn't be a priest of true Christianity?

    ReplyDelete
  9. ഇതൊന്നും പറയാന്‍ ഞാന്‍ അത്ര വലിയ പുണ്യവാളന്‍ ഒന്നും അല്ല.. പക്ഷെ പുണ്യവാളന്മാരുടെ പാതയിലൂടെ സഞ്ചരിക്കാനും വിശ്വാസികളെ നേര്‍വഴി കാണിക്കുവാനും കടപ്പെട്ടവര്‍ വെറും ചന്തപ്പിള്ളാരെ പോലെ കാണിക്കുന്ന വൃത്തികേടുകള്‍ കാണുമ്പോള്‍ പറയാതിരിക്കാന്‍ സാധിക്കുന്നില്ല.
    "കര്‍ത്താവെ ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ല.ഇവരോട് പൊറുക്കേണമേ"

    You are criticizing our clergies.
    Still your seat is vacated in our church. Come forward and be a model. And then guide others.

    ReplyDelete
  10. കര്‍ത്താവേ...നീയേ തുണ..

    ReplyDelete
  11. കുറെയേറെ കാര്യങ്ങള്‍ പഠിക്കുന്നതില്‍ ഈ പോസ്റ്റ് ഉപകരിച്ചു.

    ReplyDelete